തൊടുപുഴ: ഗവർണറുടെ വരവിന്റെ പേരിൽ അനാവശ്യ ഹർത്താൽ പ്രഖ്യാപിച്ച് ജില്ലയെ സി.പി.എമ്മും സർക്കാരും സംഘർഷ ഭരിതവും ദുരിതപൂർണ്ണവും ആക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. കേരള നിയമസഭ പാസാക്കിയ ഭൂമി പതിവ് ഭേദഗതി നിയമത്തിൽ കർഷകർ ആഗ്രഹിക്കുന്ന കൂടുതൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാകണം. നിയമസഭ പാസാക്കിയ നിയമം ഗവർണർ ഒപ്പിട്ടാലും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ല. മൂന്നാർ മേഖലയിലെ നിർമ്മാണങ്ങൾ ക്രമവൽക്കരിക്കാൻ വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഗവർണറുടെ അംഗീകാരം പ്രതീക്ഷിക്കുന്ന ഇപ്പോഴത്തെ നിയമഭേദഗതി. ഗ്രാമപഞ്ചായത്തുകളിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നും ആവശ്യമായ അനുമതി വാങ്ങി കെട്ടിടങ്ങൾ നിർമ്മിച്ചവരിൽ നിന്ന് ക്രമവൽക്കരണത്തിന്റെ പേരിൽ വൻ തുക ഈടാക്കാനാണ് സർക്കാരിന്റെ പ്രധാന ഗൂഡോദ്ദേശ്ശം. ഗവർണർക്കെതിരെ സമരം ചെയ്താലും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ അവസാനിക്കുകയില്ല. കൃഷിഭൂമി ഉപാധിരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന നിയമഭേദഗതി കൊണ്ടുവന്ന് ഗവർണറെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
ജില്ലയിൽ വനം വകുപ്പ് കർഷകരുടെ മേൽ കടന്നുകയറ്റം നടത്തുന്നത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.