തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ 2021- 22 വർഷത്തെ ഹെൽത്ത് ഗ്രാന്റ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ ആദ്യമായി തൊടുപുഴ നഗരസഭയിൽ മൂന്ന് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നു.വെങ്ങല്ലൂർ, പഴുക്കാകുളം, കുമ്പംകല്ല് എന്നിവിടങ്ങളിലാണ് വെൽനെസ് സെന്ററുകളാണ് ആരംഭിക്കുന്നതെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യ വെൽനസ് സെന്റർ വെങ്ങല്ലൂരിൽ നാളെ രാവിലെ 10.30ന് ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, അവശ്യ മരുന്നുകൾ, സേവനങ്ങൾ എന്നിവയെല്ലാം ഈ സെന്ററിൽ ലഭ്യമാക്കും. 3 വെൽനെസ് സെന്ററുകൾക്കുമായി ആകെ 1.33 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മരുന്നുകൾ കെ.എം.സി.എൽ ലഭ്യമാക്കും. ജീവനക്കാരെ നിയമിക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്. കുമ്പംകല്ല് വെൽനസ് സെന്റർ ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. പഴുക്കാകുളം സബ് സെന്ററിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഗ്രാമീണ മേഖലയിൽ ഗുണമേന്മയുള്ള ചികിത്സ നൽകാനാവും. ഒ.പി, ഫാർമസി സൗകര്യങ്ങളാണ് ഉണ്ടാകുക. ലാബ് ഉണ്ടാകില്ല. നിലവിൽ കുമ്പംകല്ലിൽ നിന്നുള്ള രോഗികൾ പാറക്കടവിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വെങ്ങല്ലൂർ,​ പഴുക്കാകുളം മേഖലയിലുള്ളവർ കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലുമെത്തിയുമാണ് ചികിത്സ നടത്തിയിരുന്നത്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. വർത്താസമ്മേളനത്തിൽ കൗൺസിലർമാരായ കെ. ദീപക്, മുഹമ്മദ് അഫ്‌സൽ, പി.ജി. രാജശേഖരൻ, അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.

വെൽനസ് സെന്ററുകൾ എന്ത്

കുഞ്ഞിന്റെ ജനനം മുതൽ 16 വയസ് വരെയുള്ള വിവിധ രോഗപ്രതിരോധ വാക്‌സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യപരിചരണങ്ങൾ, ജീവിതശൈലീരോഗ നിർണയങ്ങൾ, കൗമാര പരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയവ വെൽനസ് സെന്ററിൽ ലഭ്യമാക്കേണ്ടതുണ്ട്. ടെലിമെഡിസിൻ അടക്കമുള്ള ചികിത്സാ സംവിധാനങ്ങളോടെയാണ് സെന്റർ പ്രവർത്തിക്കുക.
ഓരോ സെന്ററിലും പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പ് കേന്ദ്രം, വെൽനസ് റൂം, ശൗചാലയം, ഫാർമസി, നഴ്‌സിംഗ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നിവയുണ്ടാകും. ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുണ്ടാകും.

തിരക്ക് കുറയും

നഗരസഭാ പരിധിയിൽ മൂന്നിടങ്ങളിൽ സെന്റർ വരുന്നത് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും. ഏറെ ജനസാന്ദ്രത കൂടിയ മേഖലകളിൽ സെന്റർ വരുന്നതോടെ ജില്ലാ ആശുപത്രിയിലും മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരക്ക് കുറയ്ക്കാൻ സഹായിക്കും.