com
കുട്ടി കർഷകൻ മാത്യു ബെന്നിയ്ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പശുക്കളെ കൈമാറുന്നു. സഹോദരങ്ങളായ ജോർജ്ജ്, റോസ് മേരി,​ അമ്മ ഷൈനി എന്നിവർ സമീപം​​

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടി കർഷകൻ മാത്യു ബെന്നിയ്ക്കും കുടുംബത്തിനും നൽകിയ വാക്ക് പാലിച്ച് സി.പി.എം. പറഞ്ഞദിവസം തന്നെ മൂന്ന് നല്ലയിനം പശുക്കളെ നൽകിയാണ് പാർട്ടി വാക്ക് പാലിച്ചത്. തമിഴ്നാട്ടിലെ ഫാമിൽ നിന്ന് എത്തിച്ച എച്ച്.എഫ് ഇനത്തിലുള്ള ഗർഭിണികളായ പശുക്കളെയാണ് ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നേരിട്ടെത്തി കൈമാറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കപ്പത്തൊലി കഴിച്ച് ഫാമിലെ 13 പശുക്കൾ ഒന്നൊന്നായി ചത്തുവീണത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്യുവിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പശുക്കളെ നൽകാമെന്നും അറിയിച്ചിരുന്നു. തുടർന്ന് കുടുംബത്തിന് മൂന്ന് പശുക്കളെ നൽകുമെന്ന് സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് മാത്യുവിന്റെ വീട്ടിലെത്തി അറിയിച്ചു. ഒരാഴ്ച തികയുമ്പോൾ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് പാർട്ടി. സി.പി.എം ജില്ലാ കമ്മിറ്റി, കർഷകസംഘം ജില്ലാ കമ്മിറ്റി, സി.പി.എം മൂലമറ്റം ഏരിയാ കമ്മിറ്റി എന്നിവർ ഓരോ പശുകളെ വീതമാണ് നൽകിയത്. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പാർട്ടി മൂലമറ്റം ഏരിയ സെക്രട്ടറി ടി.കെ. ശിവൻ നായർ എന്നിവരാണ് സി.വി. വർഗീസിനൊപ്പം പശുക്കളെ കൈമാറിയത്. ഉപജീവന മാർഗം ഒരു രാത്രികൊണ്ട് നഷ്ടപെട്ടതിൽനിന്നും അവരെ സഹായിക്കാൻ ഈ നാട് ഒന്നിച്ചുനിന്നെന്നും മാദ്ധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ലെന്നും സി.വി. വർഗീസ് പറഞ്ഞു. നല്ല രീതിയിൽ തന്നെ പശു വളർത്തൽ തുടർന്നും നടത്തണമെന്നും അതിനായി നല്ലൊരു തൊഴുത്ത് പണിയണം. കർഷകസംഘം ഏരിയാ കമ്മിറ്റിയും പാർട്ടിയും ഇതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ജെ. മാത്യു, ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ജോസഫ്, കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി.പി. ചന്ദ്രൻ, ഏരിയാ സെക്രട്ടറി പി.ഡി. സുമോൻ, കെ.എസ്. ജോൺ, ടാസ്സിമോൾ മാത്യു, പഞ്ചായത്തംഗം ഇ.കെ. കബീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.