തൊടുപുഴ: വഴിവിളക്ക് തെളിയാത്തത് അടക്കമുള്ള പ്രതിപക്ഷം ആരോപിക്കുന്ന നഗരസഭയിലെ പ്രശ്‌നങ്ങൾക്ക് കാരണം ദീർഘവീണമില്ലാത്ത ഉദ്യോഗസ്ഥരുടെ സമീപനവും സാങ്കേതിക പ്രശ്നങ്ങളുമാണെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. മങ്ങാട്ടുകവല വ്യാപാര സമുച്ചയം, സ്വകാര്യ ബസ് സ്റ്റാന്റിലെ ശൗചാലയം എന്നിവ ഇനിയും പ്രവർത്തന ക്ഷമമാകാത്തത് ഇതിന് ഉദാഹരണമാണെന്ന് ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്തര കോടി രൂപ വായ്പയെടുത്ത് നിർമ്മിച്ച മങ്ങാട്ടുകവല സമുച്ചയത്തിന് ഫയർ എൻ.ഒ.സി ലഭിച്ചിട്ടില്ല. എല്ലാ സർക്കാർ ഏജൻസികളുടെയും അനുമതിയോടെ നിർമ്മിച്ച വ്യാപാര സമുച്ചയത്തിന് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു എന്ന മനസിലായത് നിർമ്മാണം പൂർത്തിയായ ശേഷമാണ്. ഇതിനുള്ള അധിക നിർമാണങ്ങൾ നടന്നുവരികയാണ്. 40ലേറെ മുറികളിൽ താഴത്തെ നിലയിലെ എട്ട് മുറികൾ മാത്രമാണ് വാടകക്ക് പോയത്. നിക്ഷേപ തുക 15 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. വായ്പ മുഴുവൻ ഇതിനോടകം അടച്ചു തീർത്തു കഴിഞ്ഞു.

70 ശതമാനം ശുചിത്വ മിഷന്റെ ഫണ്ടോടെ നിർമ്മിച്ച സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന് തടസം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതാണ്. ഇവിടം പാറയായതിനാൽ വെള്ളം ഭൂമി വലിക്കില്ലെന്ന് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ മനസിലാക്കാതിരുന്നത് വിനയായി. 8500 വഴിവിളക്കുകളുള്ള നഗരസഭയിൽ മൂന്നു വർഷത്തേക്കാണ് വാർഷിക അറ്റകുറ്റപ്പണി കരാർ. ഇത് കഴിഞ്ഞ ശേഷം കേടായ വഴിവിളക്കുകളാണ് തകരാറിലുള്ളത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് മെയിന്റനൻസ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. അവർ ഉയർന്ന തുക നിശ്ചയിക്കുന്നത് വഹിക്കാൻ നഗരസഭയ്ക്കാകുന്നില്ല. നഗരസഭയിൽ ഇതിനായി ഒരു വൈദ്യുതി സാങ്കേതിക വിദഗ്ദ്ധ നെ നിയമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയാണ് നഗരസഭ വഴിവിളക്കിനായി നീക്കിവെച്ചിട്ടുള്ളത്.
മാലിന്യ നീക്കം സ്തംഭിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പാറക്കടവിലെ ഡമ്പിംഗ് യാർഡിൽ നിന്ന് മാലിന്യം നീക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മത്സ്യമാർക്കറ്റിലെ ബയോ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. രണ്ടര ലക്ഷം രൂപയാണ് പ്രതിമാസം ഹരിത കർമ്മ സേന യൂസർഫീയായി നഗരസഭയ്ക്ക് ലഭിക്കുന്നത്. 69 വനിതകൾ ഹരിത കർമ്മസേനാംഗങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. വെൽനസ് സെന്റർ ആരംഭിക്കുന്നത് അറിയിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ചെയർമാന്റെ വിശദീകരണം.