ചെറതോണി: നത്തുകല്ല്- അടിമാലി റോഡിന്റെ രണ്ടാം ഘട്ട വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നത്തുകല്ല് മുതൽ കമ്പിളികണ്ടം വരെയുള്ള 511.42 സെന്റ് സ്ഥലമാകും റോഡിന് വീതി കൂട്ടുന്നതിനടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുക്കുക. ജില്ലാ കളക്ടർക്കാകും സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ ചുമതല. ഇരട്ടയാർ, വാത്തിക്കുടി, കൊന്നത്തടി വില്ലേജുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാകും സ്ഥലം ഏറ്റെടുക്കുക. ആദ്യ ഘട്ടം ജോലി പൂർത്തിയായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ പ്രവർത്തികൾക്ക് തുടക്കമാകുന്നത്. അടിമാലി- നത്തുകല്ല് റോഡ്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെുടക്കുന്നതിന് നേരത്തേ 6.43 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) മുഖേനയാണ് നിർമ്മാണം നടത്തുന്നത്. റോഡുകൾ വീതികൂട്ടേണ്ടി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്നവരുടേയും നീക്കം ചെയ്യേണ്ടി വരുന്ന കെട്ടിട ഉടമസ്ഥർക്കും നഷ്ടം നൽകുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഡി.പി.ആർ പ്രകാരമുള്ള തുക റോഡ് നിർമ്മാണത്തിനായി അനുവദിക്കും.