തൊടുപുഴ​ : നെടുംങ്കണ്ടം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയിരുന്ന 'വയോരക്ഷ' പദ്ധതിയിൽ ഉൾപ്പെട്ട 60 വയസ്സിന് മേൽ പ്രായമുള്ളവർക്ക് അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യമന്ത്രി, കെ.എസ്.ഡി.പി.എൽ മാനേജിംഗ് ഡയറക്ടർ എന്നിവരോട് ആവശ്യപ്പെട്ടു.2018 മുതൽ 20 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും നീക്കിവച്ച് കാരുണ്യ ഫാർമസി മുഖേന വിതരണം ചെയ്ത് വന്നിരുന്ന പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം തുക അടച്ചിട്ടുള്ളതാണ്.എന്നാൽ പുതിയ സാമ്പത്തിക വർഷം തീരാറായിട്ടും മരുന്നുകൾ ലഭ്യമായിട്ടില്ല. പ്രഷർ, ഷുഗർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും നിത്യേന ഉപയോഗിക്കുന്ന മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ലഭ്യമല്ലാത്തത് നിർധനരായ വൃദ്ധജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കുകയാണ്. ജില്ലയിലെ പൊതു ആരോഗ്യകേന്ദ്രങ്ങളിലെ ഫാർമസികളിൽ മരുന്നിന്റെ ലഭ്യതക്കുറവ് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.സംസ്ഥാന ഗവൺമെന്റ് സ്ഥാപനമായ കെ.എസ്.ഡി.പി.എൽ ൽ നിന്നും മരുന്ന് ലഭ്യമാകാത്തതാണ് കാരണമായി അധികൃതർ പറയുന്നത്. ജില്ലയിലെ പൊതുജനാരോഗ്യ രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും എം.പി

ആവശ്യപ്പെട്ടു.