
തൊടുപുഴ: എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ഇന്ന് രാജ്ഭവൻ മാർച്ചും ഇടുക്കിയിൽ ഹർത്താലും പ്രഖ്യാപിച്ചിരിക്കെ ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കും. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും, ഒരു പ്രവർത്തകനും ഗവർണറെ തടയില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ വ്യാപാരികൾ പരമാവധി പ്രവർത്തകരെ ഇന്നലെ തൊടുപുഴയിലെത്തിച്ചു. എന്നാൽ കടകളടച്ച് ഹർത്താലിനോട് സഹകരിക്കും. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഹർത്താലിനെ യു.ഡി.എഫും ബി.ജെ.പിയും തള്ളി. വ്യാപാരികളെ സി.പി.എം ഭീഷണിപ്പെടുത്തുകയാണെന്നും വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനമാണ് രാവിലെ 11.30ന് തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടക്കുന്നത്. ഭൂമി പതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജില്ലയിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തുന്നത്. അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തീയതി നൽകുകയായിരുന്നു. തുടർന്നാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ വിവിധ ടൗണുകളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു. കരിങ്കൊടി പ്രതിഷേധമടക്കമുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പൊലീസ് തൊടുപുഴയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
'എൽ.ഡി.എഫ് ഹർത്താൽ സമാധാനപരമായിരിക്കും. ഗവർണറെ തടയില്ല. ശിവരാമൻ
-എൽ.ഡി.എഫ് ജില്ലാ കൺവീനർ
'ഹർത്താലും രാജ്ഭവൻ മാർച്ചും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. . ഭൂപതിവ് ഭേദഗതി നിയമം ഒപ്പു വയ്ക്കണമെന്ന് ആഗ്രഹിച്ചല്ല എൽ.ഡി.എഫ് സമരം നടത്തുന്നത്. വ്യാപാരി സമൂഹത്തെ ഒറ്റപ്പെടുത്തി അവരുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കും."
-ഡീൻ കുര്യാക്കോസ് എം.പി
' പരമാവധി പ്രവർത്തകരെ തൊടുപുഴയിലെത്തിച്ചു. . കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ല. കടകൾ അടച്ചിട്ട് ഹർത്താലിനോട് സഹകരിക്കും."
സണ്ണി പൈമ്പള്ളിൽ, സമിതി ജില്ലാ പ്രസിഡന്റ്