bus
തേക്കടിയിൽ നിന്നും ഗവിയിലേയ്ക്കുള്ള വനം വകുപ്പിന്റെ ബസ്സ് .

കുമളി: നിനച്ചിരിക്കാതെ പെട്ടെന്ന് ബസ് ബ്രേക്ക് ചെയ്തു. എന്താണ് കാര്യമെന്നറിയാതെ ബസിന്റെ മുൻഭാഗത്തെ ചില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ മുമ്പിലെ വളവിലെ മരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ആനക്കൂട്ടം. സമീപത്തെ തടാകത്തിൽ നിന്ന് വെള്ളം കുടിച്ചശേഷമുള്ള മടക്കമാണ്. ഫോട്ടോ എടുക്കാൻ മൊബൈൽ തയ്യാറായി വന്നപ്പോഴേയ്ക്കും അവൻ കാട്ടിൽ മറഞ്ഞു. സമീപത്തെ തടാകത്തിലെ വെള്ളം കലങ്ങി മറിഞ്ഞ് കടക്കുന്നു. തേക്കടിയിൽ നിന്നും ഗവിയിലേയ്ക്ക് വനം വകുപ്പ് ആരംഭിച്ച ബസ് യാത്രയിലെ അനുഭവവമാണിത്. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാനന ഭംഗി നുകരാൻ തേക്കടി തടാകത്തിലെ ബോട്ട് യാത്ര മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. തേക്കടിയിൽ നിന്ന് ഗവിയിലേയ്ക്ക് വനത്തിലൂടെ വനം വകുപ്പിന്റെ ബസ് യാത്ര ഇതിനൊരു പരിഹാരമാവുകയായിരുന്നു. ദിവസവും രാവിലെ ആറിന് തേക്കടിയിലെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക് പോസ്റ്റിൽ എത്തി പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടരും. വള്ളക്കടവ് വനം വകുപ്പ് ചെക്പോസ്റ്റ് കടന്നാൽ പിന്നെ ഗവി വരെയും പൂർണ്ണമായും കൊടുംവനത്തിലൂടെ മാത്രമാണ് യാത്ര. ഇടുങ്ങിയതാണെങ്കിലും വലിയ കുഴപ്പമില്ലാത്ത റോഡ്. എതിർ ദിശയിൽ നിന്ന് വല്ലപ്പോഴും ഒരു വാഹനം വന്നാൽ കഷ്ടിച്ച് കടന്ന് പോകും. യാത്രയിൽ ഇടയ്ക്കിടെ വന്യമൃഗങ്ങളെ കാണാം. ബസ് വേഗത കുറച്ചാണ് നീങ്ങുന്നത്. വന്യമൃഗങ്ങളെ സഞ്ചാരികൾക്ക് കാണാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കുന്നില്ല. പോകുന്ന വഴിക്ക് ഓരോ വന പ്രദേശത്തെക്കുറിച്ചും വൃക്ഷങ്ങളെക്കുറിച്ചും ബസിലുള്ള വനം വകുപ്പിന്റെ ഗൈഡ് വളരെ ലളിതമായി പറഞ്ഞു തരും. ഇടയ്ക്ക് ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളവും ലഘു ഭക്ഷണവും ബസിൽ ലഭിക്കും. ഗവിയിലെത്തിയാൽ ഗവി ഡാമിലൂടെ നടന്ന് മറുകരയ്‌ക്കെത്താം. അവിടെ കെ.എഫ്.ഡി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റും മറ്റുമുണ്ടെങ്കിലും വനംവകുപ്പിന്റെ ബസിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല. ഗവിയിൽ കുറച്ച് നേരം കറങ്ങി നടന്ന ശേഷം തേക്കടിയിലേയ്ക്ക് മടക്കയാത്ര.

1000 രൂപ ഫീസ്
തേക്കടിയി നിന്നും ഗവി കണ്ട് വരുന്നതിന് ഒരാൾക്ക് ആയിരം രൂപയാണ് വനം വകുപ്പ് ടിക്കറ്റ് നിരക്ക്. ഇപ്പോൾ തേക്കടി ആന വച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭിക്കും. വൈകാതെ പെരിയാർ കടുവ സങ്കേതത്തിന്റെ വെബ് സൈറ്റിൽ നിന്ന് ഓൺലൈൻ ടിക്കറ്റ് കൊടുത്തു തുടങ്ങും.