തൊടുപുഴ: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ നടത്തും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇതേ വിഷയത്തിൽ ഇന്ന് എൽ.ഡി.എഫ് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ഗവർണർ ഇന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ജില്ലയിലെത്തുമ്പോൾ പ്രതിഷേധവും സംഘർഷവും ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹർത്താലിന് മുന്നോടിയായി ഇന്നലെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ഗവർണറുടെ കോലം കത്തിച്ചു. ഇന്ന് രാവിലെ തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തും.