തൊടുപുഴ: ഒരുവശത്ത് രാജ് ഭവൻ മാർച്ചിനൊപ്പം തൊടുപുഴയിലെത്തുന്ന ഗവർണർക്കെതിരെ ജില്ലാ ഹർത്താൽ പ്രഖ്യാപിച്ച് എൽ.ഡി.എഫ് ശക്തമായ പ്രതിഷേധിക്കാനൊരുങ്ങുന്നു, മറുവശത്ത് പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും തൊടുപുഴയിൽ കാണാമെന്ന് ആരിഫ് മുഹമ്മദ് ഖാനും; തൊടുപുഴ നഗരം ഇന്ന് അക്ഷരാർത്ഥത്തിൽ മുൾമുനയിലാകും. ഗവണർണറെ തടയില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 11.15ന് തൊടുപുഴയിലെത്തുമെന്നാണ് കരുതുന്നത്. കനത്ത പൊലീസ് സുരക്ഷയിൽ അച്ചൻകവലയിലെത്തുന്ന ഗവർണറെ തൊടുപുഴ പൊലീസിന്റെ സംരക്ഷണയിൽ വ്യാപാരി ഏകോപനസമിതിയുടെ പരിപാടി നടക്കുന്ന മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലെത്തിക്കും. വ്യാപാരികൾ പരമാവധി പ്രവർത്തകരെ ഇന്നലെ തന്നെ തൊടുപുഴയിലെത്തിച്ചിട്ടുണ്ട്. ഇവർ കാൽനടയായി നേരത്തെ തന്നെ ഹാളിലെത്തും. കാൽനടയായി എത്തുന്ന പ്രവർത്തകരെ ഹർത്താൽ അനുകൂലികൾ തടയുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ തടഞ്ഞാൽ അംഗീകരിക്കില്ലെന്ന് വ്യാപാരികളും വേണ്ടിവന്നാൽ വ്യാപാരികൾക്ക് സംരക്ഷണം നൽകുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കടകളടച്ച് ഹർത്താലിനോട് വ്യാപാരികൾ സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പരിപാടിയ്ക്ക് വരുമ്പോഴോ തിരികെ പോകുമ്പോഴോ ഗവർണർക്ക് നേരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചേക്കും. സമരത്തിൽ ഡി.വൈ.എഫ്.ഐയും പങ്കാളിയായേക്കും.
സുരക്ഷയൊരുക്കാൻ
നാനൂറോളം പൊലീസ്
ഹർത്താലടക്കമുള്ള പ്രതിഷേധത്തിനിടെ ഗവർണറെത്തുന്നത് കണക്കിലെടുത്ത് തൊടുപുഴയിൽ ഡി.വൈ.എസ്.പി ഇമ്മാനുവേൽപോളിന്റെ നേതൃത്വത്തിൽ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ചൊവ്വാഴ്ച സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇടുക്കിയടക്കം മൂന്ന് ജില്ലകളിൽ നിന്നായി അഞ്ച് സി.ഐ.മാർ, തൊടുപുഴ ഡി.വൈ.എസ്.പിക്ക് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ, ഇടുക്കി ക്യാമ്പിൽ നിന്നുള്ള 70 പൊലീസുകാർ എന്നിവരാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്. പരിപാടി നടക്കുന്ന മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ പൊലീസ് ഇന്നലെ തന്നെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചൻകവല മുതൽ മർച്ചന്റ്സ് ട്രസ്റ്റ്ഹാൾ വരെയും ഓരോ പോയിന്റിലും പൊലീസുണ്ടാകും. നഗരത്തിലെ പ്രധാന സെന്ററുകളിലെല്ലാം പൊലീസ് പിക്കറ്റിങ്ങും നടക്കും. ഇതു കൂടാതെ പൊലീസ് പട്രോളിങ്, സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവരും നിരത്തിലുണ്ടാകും. ഹർത്താലായതിനാൽ വാഹനഗതാഗത നിയന്ത്രണം വേണ്ടി വരില്ലെന്നാണ് പൊലീസ് നിഗമനം.
'ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഹങ്കാരത്തിന്റെ ആൾരൂപം. സർക്കാരിന്റെ ജനപക്ഷ നിലപാടുകളെ തുരങ്കം വയ്ക്കാൻ കഴിയുമോയെന്ന് ഗവേഷണം നടത്തുന്നയാളാണ് ഗവർണർ. ഗവർണറുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് അതേ ദിവസം തന്നെ ഇടുക്കിയിലേക്ക് എത്തുന്നത്."
-സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്
'ഗവർണറെ തടയാൻ സാധിക്കില്ല. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്താനുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കും. ശബരിമല തീർത്ഥാടനത്തിന് തടയിടാനാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. "
-ബി.ജെ.പി ജില്ലാ പ്രസിഡന്റ് സി. സന്തോഷ് കുമാർ
'ഭൂപതിവ് ഭേദഗതി ഇടുക്കിയുടെ ഒന്നാകെയുള്ള ആവശ്യം. എൽ.ഡി.എഫ് ഹർത്താൽ സമാധാനപരമായിരിക്കും. ഒരു പ്രവർത്തകനും ഗവർണറെ തടയില്ല. ബി.ജെ.പി പറയുന്നത് ഏറ്റ് പറയുന്ന ജോലിയാണ് ഡീൻ കുര്യാക്കോസ് എം.പി നടത്തുന്നത്. ഹർത്താലിനെതിരെയുള്ള എം.പിയുടെ പ്രസ്താവന പരിഹാസ്യം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. രാജ് ഭവൻ മാർച്ച് വൻ വിജയമായിരിക്കും."
-എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ
'ഹർത്താലും രാജ്ഭവൻ മാർച്ചും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പിണറായി വിജയനും ഗവർണറും ഭായി ഭായിയാണ്. ഭൂപതിവ് ഭേദഗതി നിയമം ഒപ്പുവയ്ക്കണമെന്ന് ആഗ്രഹിച്ചല്ല എൽ.ഡി.എഫ് ഈ സമരം നടത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ഗവർണറെ കുറ്റം പറഞ്ഞ് തടിതപ്പുകയാണ് ലക്ഷ്യം. വ്യാപാരി സമൂഹത്തെ ഒറ്റപ്പെടുത്തി അവരുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കും."
-ഡീൻ കുര്യാക്കോസ് എം.പി