അടിമാലി: മാങ്കുളത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു , യുവാവിന് കോടതി ജാമ്യം നൽകി. മാങ്കുളത്ത് വനം വകുപ്പ് ജീവനക്കാർക്കെതിരെ പ്രതിഷേധ പരിപാടികൾക്ക് സജീവ സാന്നിദ്ധ്യമായിരുന്ന വേലിയാമ്പറ പരുതറ തരുൺ തങ്കപ്പനെയാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നു് മാങ്കുളത്ത് വ്യാപക പ്രതിഷേധമുയർന്നു. അസമയത്ത് എത്തിയ പൊലീസ് സംഘം വീട് കയറി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തരുണിന് ജാമ്യം അനുവദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനെത്തുടർന്ന് മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു.ഇതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക ഭാഷ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ ബാക്കി രണ്ടു പേർക്കെതിരെയും കണ്ടാലറിയാവുന്ന 28 ഓളം പേർക്കെതിരെയും കേസടുത്തിട്ടുള്ളതായാണ് സൂചന. അറസ്റ്റിൽ പ്രതിഷേധിച്ച് ജനകീയ സമിതി മാങ്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.