hob-selvakumar

രാജാക്കാട്:വാക്കാസിറ്റി മൂലംകുഴി കടയ്ക്ക് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട്പേർക്ക് പരുക്കേറ്റു.ഞായറാഴ്ച രാത്രി 8 നാണ് അപകടം നടന്നത്.കാന്തിപ്പാറ ഒട്ടാത്തി സ്വദേശി കുരിശിങ്കൽ ബാലമുരുകന്റെ മകൻ ശെൽവകുമാറാണ് ( 24)മരിച്ചത്. ശെൽവകുമാറിന്റെ ബൈക്കും,കള്ളിമാലി സ്വദേശി
തൈപ്പറമ്പിൽ ഷാജിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.മുന്നിൽ പോയ ഇന്നോവയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ആർ കാർ എതിരെ വന്ന ഡ്യൂക്ക്
ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റു കിടന്ന ബൈക്ക് യാത്രികരേയും മറിഞ്ഞ ശേഷം വശം ചെരിഞ്ഞു കിടന്ന കാർ യാത്രികരേയും രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശെൽവകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.ഇടിയെ തുടർന്ന് ബൈക്ക് തെറിച്ച് വീണ് റോഡരികിലുള്ള വീടിന്റെ ഇളംതിണ്ണ തകർന്നു,ജനൽ ചില്ലുകളും പൊട്ടി,കാറിന്റെ വലതു മുൻഭാഗത്തെ ചക്രവും സമീപ ഭാഗങ്ങളും പൂർണ്ണമായി തകർന്നു,ബൈക്ക് പൂർണ്ണമായി തകർന്നു. ബൈക്ക് യാത്രികൻ ഒട്ടാത്തി മുത്തുരാജിന്റെ മകൻ ശക്തികുമാർ(18) തേനി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പരുക്കേറ്റ കാർ യാത്രികൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.രാജാക്കാട്
പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ശെൽവകുമാറിന്റെ മൃതദേഹം കാന്തിപ്പാറ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.കവിതയാണ് ശെൽവരാജിന്റെ മാതാവ്.സഹോദരൻ : പാർത്ഥിപൻ.