രാജാക്കാട്: മസ്റ്ററിംഗ് നടത്താത്തതിനാൽ പെൻഷൻ മുടങ്ങിയ വയോജനങ്ങൾ പരാതിയുമായി രംഗത്ത്.മുൻപ് സ്ഥിരമായി എല്ലാ മാസവും പെൻഷൻ മുടങ്ങാതെ കിട്ടികൊണ്ടിരുന്ന വയോജനങ്ങളും, മറ്റു ക്ഷേമ പെൻഷനുകൾ ലഭിച്ചിരുന്നവരുമാണ് കഴിഞ്ഞ കുടിശിഖ കാലം മുതൽ പെൻഷൻ കിട്ടാതെ വിഷമിക്കുന്നത് 4 മാസം കുടിശിഖ ഉണ്ടായിരുന്നതിന് ശേഷം ഒരു മാസത്തെ പെൻഷൻ നൽകിയപ്പോഴാണ് പലരും പെൻഷൻ മുടങ്ങിയത് അറിഞ്ഞത്. പിന്നെ അടുത്ത തവണ കിട്ടുമെന്നോർത്ത് കാത്തിരുന്നു. പിന്നീടും കിട്ടാതായാപ്പോഴാണ് അക്ഷയ
കേന്ദ്രങ്ങളിൽ പോയി അന്വേഷണം നടത്തിയത് .അപ്പോഴാണ് മസ്റ്ററിംഗ് നടത്താത്തതിന്റെ പേരിൽ പെൻഷൻ മുടങ്ങിയതെന്നും ഇനി മുതൽ മസ്റ്ററിംഗ് നടത്തിയ മാസം മുതലാണ് പെൻഷൻ ലഭിക്കുകയുള്ളുവെന്നും മനസ്സിലാക്കിയത്. ഡിമസ്റ്ററിംഗ് നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് മെമ്പറോ, ഗ്രാമ സേവകനോ പോലും തങ്ങളെ അറിയിച്ചില്ലെന്നതാണ് ഇവരുടെ പരാതി. നിലവിൽ മസ്റ്ററിംഗ് നടത്തുന്നതിനുള്ള പ്രചരണം നടത്തണമെന്നും മസ്റ്ററിംഗ് നടത്തിയവർക്ക് കുടിശിഖ പെൻഷൻ മുഴുവനായും നൽകണമെന്നതാണ് പെൻഷർകാരുടെ ആവശ്യം.