
തൊടുപുഴ: യുവാവായിരിക്കുമ്പോൾ അഞ്ചു തവണ വധശ്രമമുണ്ടായിട്ടും പേടിക്കാത്ത താൻ ഇപ്പോൾ എന്തിന് ഭയക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കിയിൽ നടപ്പാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോൾ തനിക്ക് 35 വയസാണ്. 1985, 86, 87 വർഷങ്ങളിൽ യഥാർത്ഥ ഭീഷണികളെ താൻ നേരിട്ടതാണ്. അഞ്ചുതവണ തന്റെ ജീവനെടുക്കാൻ ശ്രമിച്ചു. 1990ൽ അവർ ഏകദേശം വിജയിച്ചതായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റ് തന്റെ തലപൊട്ടി. 35-ാം വയസിൽ ഭയന്നിട്ടില്ല, ഇപ്പോൾ 72 കഴിഞ്ഞു. ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി കടന്നു. അധികമായി കിട്ടിയ സമയത്താണ് ഇപ്പോൾ ജീവിക്കുന്നത്.
ഹർത്താൽ പ്രഖ്യാപിച്ചതിന്റെ യഥാർത്ഥ കാരണം തനിക്കറിയില്ല. താൻ ഒരു റബർ സ്റ്റാമ്പല്ലെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഭീഷണി അംഗീകരിക്കാനാകില്ല. എത്ര ഉന്നത വ്യക്തിയായാലും നിയമത്തിന് മുകളിലല്ല. വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കുന്നവർ പത്തും പന്ത്രണ്ടും വർഷമായി യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ താമസിക്കുന്നു. ഏതെങ്കിലുമൊരു പാർട്ടിയിലോ സംഘടനയിലോ അംഗത്വമുണ്ടെങ്കിൽ നിയമത്തെ ബഹുമാനിക്കേണ്ടെന്നാണ് ഇവർ വിചാരിക്കുന്നത്. അത് ക്രമസമാധാനത്തിന്റെ തകർച്ചയാണ്.
എൽ.ഡി.എഫ് ഇടുക്കി ഹർത്താൽ പൂർണം
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. രാവിലെ നടന്ന പ്രകടനത്തിടെ ഹൈറേഞ്ചിലടക്കം ചില വാഹനങ്ങൾ തടഞ്ഞു. തൊടുപുഴയിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിയ ഹർത്താൽ അനുകൂലികൾ കസേരയും ചെടിച്ചട്ടികളും ഒന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു തകർത്തു. വനിതാ പോസ്റ്റ്മാസ്റ്ററെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും വനിതാ ജീവനക്കാർക്കെതിരെ അസഭ്യ വർഷം നടത്തിയതായും പരാതിയുണ്ട്. കണ്ടാലറിയാവുന്ന ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാറിൽ ഹൈഡൽ ടൂറിസം സെന്ററുകൾ രാവിലെ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളെത്തി അടപ്പിച്ചു.