തൊടുപുഴ: ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്ന മുൻകൂർ നോട്ടീസ് നൽകാതെ ജില്ലയിൽ ഹർത്താൽ നടത്തിയവർക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിനെതിരെയും വിവിധ ഘടകങ്ങൾക്കെതിരെയും പൊലീസ് നിയമാനുസൃതം കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. ഹർത്താൽ പ്രഖ്യാപിക്കുന്നത് വെറും നാല് ദിവസം മുമ്പ് മാത്രമാണ്. ഇത് നിയമവിരുദ്ധമാണ്. ഭൂമിപതിവ് നിയമ ഭേദഗതിയിൽ മേൽ വിവിധ സംഘടനകൾ ഗവർണർക്ക് നൽകിയ നിവേദനങ്ങൾക്ക് സർക്കാരിനോട് പലതവണ വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയില്ല എന്ന ഗവർണറുടെ പ്രസ്താവന ഗുരുതരമാണ്. നിയമസഭ പാസാക്കി തന്റെ അനുമതിക്കായി സമർപ്പിക്കുന്ന ബില്ലിന്മേൽ വിശദീകരണം ചോദിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ചോദിക്കുന്ന വിശദീകരണത്തിന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയും ഉണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ വിശദീകരണം നൽകാത്തത് മനഃപൂർവ്വമാണ്. ബില്ലിന് ഗവർണർ അനുമതി നൽകരുതെന്നും ഇതിന്റെ പേരിൽ ഗവർണറെ കുറ്റപ്പെടുത്തി ലോകസഭ തിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നുമാണ് എൽ.ഡി.എഫിന്റെയും സർക്കാരിന്റെയും ആഗ്രഹം. ഈ ഗൂഡ ഉദ്ദേശ്യമാണ് ഇപ്പോൾ എൽ.ഡി.എഫ് പ്രാവർത്തികമാക്കിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നിയമ പ്രകാരം വൻ തുക പിഴയായി ഈടാക്കാൻ നിർദ്ദേശിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കുന്നത് വൈകിക്കുന്നതിനുമുള്ള ഗൂഢാലോചനയും എൽ.ഡി.എഫിന് ഉണ്ട്. സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി ആത്മാർത്ഥത ഇല്ലാത്തതാണ്. ഭാവിയിൽ ജില്ലയിലെ ഒരു പട്ടയ ഭൂമിയിലും നിർമ്മാണം നടക്കരുതെന്ന കപട പരിസ്ഥിതിവാദികളായ എറണാകുളം ലോബിയുടെ താത്പര്യങ്ങളാണ് സർക്കാർ സംരക്ഷിച്ചത്. ഇടുക്കിയിലെ കർഷകരോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പട്ടയഭൂമി പരിപൂർണ്ണമായി ഉപാധിരഹിതമായി ഉപയോഗിക്കാൻ കഴിയത്തക്ക നിലയിൽ കൃഷിക്കും വാസഗൃഹ നിർമ്മാണത്തിനും മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന നിബന്ധന റദ്ദാക്കാൻ എൽ.ഡി.എഫും സർക്കാരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.