ഇടുക്കി: വണ്ടിപ്പെരിയാർ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. പകലും രാത്രിയും പെൺകുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരയുടെ അച്ഛനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും മുഴുവൻ സമയ അംഗരക്ഷകരെന്ന നിലയിൽ പൊലീസുകാരെ നിയമിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായി ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.