
തൊടുപുഴ: ഹർത്താൽ ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇടുക്കിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വഴിനീളെ കരിങ്കൊടി വീശി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ജില്ലാ അതിർത്തിയായ അച്ചൻകവല മുതൽ തൊടുപുഴ വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളിൽ എട്ടിടങ്ങളിലായിരുന്നു പ്രതിഷേധം. എന്നാൽ, പ്രതിഷേധക്കാർക്ക് നേരെ കൈവീശിയും ചിരിച്ചും ഗവർണർ കടന്നുപോയി.
കരിങ്കൊടി കാട്ടിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതിനിടെ ഒരിടത്തുണ്ടായ ഉന്തിലും തള്ളിലും ഒരു പൊലീസുകാരന്റെ കൈയ്ക്ക് പരിക്കേറ്റു. ഗവർണക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ കറുത്ത ബാനറുകൾ തൊടുപുഴ ടൗണിൽ വിവിധയിടങ്ങളിൽ ഉയർത്തിയിരുന്നു. രാവിലെ 10.50ന് അച്ചൻകവലയിൽ എത്തിയപ്പോഴായിരുന്നു ആദ്യ പ്രതിഷേധം. വ്യാപാരികളുടെ പരിപാടി നടന്ന മർച്ചന്റ് ട്രസ്റ്റ് ഹാൾ പരിസരത്ത് പോക്കറ്റിൽ കരിങ്കൊടിയുമായി എത്തിയ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി.
പരിപാടിക്കുശേഷം 12.20ന് ഗവർണർ റസ്റ്റ് ഹൗസിലേക്ക് പോയപ്പോഴും 12.40ന് മടങ്ങിയപ്പോഴും ആനക്കൂട് ജംഗ്ഷനിൽ കരിങ്കൊടി കാട്ടി. അവിടെ പൊലീസ് ഉണ്ടായിരുന്നില്ല. അതിനാൽ ഏതാനും നിമിഷം ഗവർണറുടെ വാഹനത്തിന് തടസമുണ്ടായി. ഗവർണറുടെ സുരക്ഷയ്ക്കായി കനത്ത പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.
ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ഇന്നലെ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ ഇടുക്കിയിൽ എത്തുമെന്ന് ഗവർണറും അറിയിച്ചു. തുടർന്നാണ് എൽ.ഡി.എഫ് ഇന്നലെ ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.
കാറിന് പുറത്തിറങ്ങി ഗവർണർ
വ്യാപാരികളുടെ കുടുംബ സുരക്ഷാ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് റസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ പ്രധാന റോഡിലെത്തിയപ്പോൾ തന്നെ കാത്തുനിന്ന കുട്ടികളെയടക്കം കണ്ട് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തു. ഒരു മിനിറ്റോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. റസ്റ്റ് ഹൗസിൽ ബി.ജെ.പി നേതാക്കളടക്കമുള്ളവരുമായി 10 മിനിട്ട് കൂടിക്കാഴ്ച നടത്തി.