samaram
സമരനായകൻ ജിയോ ചബ്ളങ്ങാട്ടിന് കൊച്ചുകരിമ്പനിലെ മുതിർന്ന പൗരൻ മാണി തോട്ടുങ്കൻ നാരങ്ങാ നീര് നൽകി 35 ദിവസം നീണ്ട റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നു

ചെറുതോണി: 2025 മാർച്ചിന് മുമ്പ് ഗതാഗത പ്രശ്‌നം പൂർണമായും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ഒരു മാസത്തിലേറെ നീണ്ട കൊച്ചുകരിമ്പനിലെ റിലേനിരാഹാരസമരം അവസാനിച്ചു. മരിയാപുരം പഞ്ചായത്തിലെ ഒന്നാംവാർഡായ കൊച്ചുകരിമ്പൻ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലേക്കുള്ള ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ 35 ദിവസമായി റിലേ നിരാഹാര സമരം നടന്നത്.

ഇന്നലെ സമരപന്തലിൽ നടന്ന ചർച്ചയിൽ ജനുവരി അവസാനവാരം കരിമ്പൻ എൽ.പി സ്‌കൂൾ പടിയിൽ നിന്ന് ടാറിംഗ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മാർച്ച് അവസാനിക്കും മുമ്പ് ഈ സാമ്പത്തിക വർഷം അനുവദിക്കപ്പെട്ട ഫണ്ടിൽ തീർക്കാവുന്ന ദൂരം പണിപൂർത്തീകരിക്കും. ഏപ്രിൽ മുതൽ 2025 മാർച്ച് മുമ്പായി മേഖലയിലെ ഗതാഗത പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുംവിധം ഫണ്ട് അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി. 2023 ജൂലായ് 17ന് കരിമ്പൻ എൽ.പി സ്‌കൂൾ മൈതാനിയിൽ ചേർന്ന സമ്മേളനത്തിലൂടെ രൂപീകൃതമായ കൊച്ചു കരിമ്പൻ ജനകീയസമിതി എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു നിരാഹാരസമരം നടന്നത്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അധികാരികൾക്ക് നിവേദനങ്ങൾ നൽകി വിവിധ രീതിയിൽ സമ്മർദ്ദം ചെലുത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു ഡിസംബർ 5 മുതൽ കൊച്ചുകരിമ്പൻ ജംഗ്ഷനിൽ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് വിവിധ സാമുദായിക സംഘടന രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുപ്രവർത്തകരും കലാസാംസ്‌കാരിക രംഗത്തുള്ളവരും എത്തിച്ചേർന്നു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയംഗം ശിവൻ കോഴിക്കമാലി, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സി.എസ്.ഐ, ബി.സി.എഫ്, ഡി.സി.എം.എസ് തുടങ്ങിയ സാമുദായിക സംഘടനകളും ബി.ജെ.പി, ബി.എസ്.പി, കേരള കോൺഗ്രസ് (എം) തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികളായ ഡീൻ കുര്യാക്കോസ് എം.പി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവരും സമരപ്പന്തൽ സന്ദർശിക്കുകയും പിന്തുണയറിയിക്കുകയും ചെയ്തു. കൂടാതെ നിരവധി സംഘടനാ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകൾ തുടങ്ങിയരും പിന്തുണ നൽകി. വിവിധ പെന്തക്കോസ്തു സഭകളെ പ്രതിനിധികരിച്ച് വിവിധ പാസ്റ്റന്മാർ ആദ്യാവസാനം പിന്തുണ നൽകി. പ്രമുഖ സഭകളായ സെന്റ് തോമസ് സി.എസ്.ഐ പള്ളിയുടെയും സെന്റ് ആന്റണീസ് പള്ളിയുടെയും വികാരിമാർ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. സമരസമിതി ചെയർമാനും സമരഭടനുമായ ജിയോ ചബ്‌ളങ്ങാടിന് പ്രദേശത്തെ മുതിർന്ന പൗരൻ മാണി തോട്ടുങ്കൽ നാരങ്ങാനീര് നൽകി റിലേ നിരാഹാരം അവസാനിപ്പിച്ചു.