തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണ്ണർ തൊടുപുഴയിൽ എത്തുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. അതേസമയം കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. ഏതാനും ചില സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ നടന്ന പ്രകടനത്തിടെ ഹൈറേഞ്ചിലടക്കം ചില വാഹനങ്ങൾ തടഞ്ഞു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 44 ബസുകൾ സർവീസ് നടത്തി. ജില്ലയിൽ ഹൈറേഞ്ചിലേക്കുള്ള നാല് സർവീസുകൾ മാത്രമാണ് മുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഗവർണർ തൊടുപുഴയിലെത്തിയതോടെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത് സംഘർഷത്തിലേക്ക് നീങ്ങി. കനത്ത പൊലീസ് വലയത്തിലായിരുന്ന നഗരത്തിൽ എട്ടോളം ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
ഇന്നലെ രാവിലെ ഒമ്പതിന് തൊടുപുഴ മാതാ ഷോപ്പിങ് കോംപ്ലക്സിന് സമീപത്ത് നിന്ന് എൽ.ഡി.എഫ് ഹർത്താൽ അനുകൂല പ്രകടനം നടത്തി. മങ്ങാട്ടുകവല ഭാഗത്തു നിന്ന് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ പ്രകടനവുമെത്തി. ബി.എസ്.എൻ.എൽ ജംഗ്ഷനിൽ ഒത്തുചേർന്ന ശേഷം ഒന്നായി മർച്ചന്റ്‌സ് ട്രസ്റ്റ് ഹാൾ പരിസരത്തേക്ക് നീങ്ങി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം റോട്ടറി ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി.കെ. ശിവൻനായർ, ടി.ആർ. സോമൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പി. ജോയി, നഗരസഭ ചെയർമാൻ സനീഷ് ജോർജ് എന്നിവർ സംസാരിച്ചു.
ഹെഡ് പോസ്റ്റ് ഓഫീസിൽ അതിക്രമം
ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ ഹർത്താൽ അനുകൂലികൾ കസേരയും ചെടിച്ചെട്ടികളും തകർത്തു. ഹർത്താലിന് പോസ്റ്റ് ഓഫീസ് അടച്ച് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പോസ്റ്റ്‌മാസ്റ്ററെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും വനിതാ ജീവനകാർക്കെതിരെ അസഭ്യ വർഷം നടത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് ജീവനക്കാർ സ്റ്റേഷനിലെത്തി രേഖാ മൂലം പരാതി നൽകി. ഇതിന്റെ തുടർച്ചയായി അതിക്രമത്തിനിരയായവരുടെ മൊഴി രേഖപ്പെടുത്തുകയും സംഭവത്തിൽ കണ്ടാലറിയാവുന്ന ഒമ്പത് പേർക്കെതിരെ ഇന്നലെ വൈകിട്ടോടെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.