തൊടുപുഴ: എൽ.ഡി.എഫ് ഹർത്താലിനും എസ്.എഫ്.ഐ- ഡി.വൈ.എഫ്‌.ഐ കരിങ്കൊടി പ്രതിഷേധത്തിനുമിടയിലെ കലുഷിതമായ അന്തരീക്ഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ വന്നു മടങ്ങി. കനത്ത പൊലീസ് വലയത്തിലും മൂന്ന് കിലോമീറ്ററിനിടെ എട്ടിടങ്ങളിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. ക്രമസമാധാന പാലനത്തിനും ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ 428 പോലീസുകാരെയാണ് തൊടുപുഴ നഗരത്തിൽ വിന്യസിച്ചിരുന്നത്. എന്നാൽ നവകേരള സദസിനെതിരെ ഉണ്ടായ പ്രതിഷേധത്തെ നേരിട്ട സമീപനമായിരുന്നില്ല പൊലീസ് സ്വീകരിച്ചത്. ഇന്ന് രാവിലെ തന്നെ എസ്.എഫ്.ഐ- ഡി വൈ.എഫ്.ഐ പ്രതിഷേധ സംഘം വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു.

രാവിലെ 10.50ന് ജില്ലാ അതിർത്തിയായ അച്ചൻകവലയിലെത്തിയപ്പോൾ തന്നെ ഗവർണറെ എസ്.എഫ്.ഐ പ്രവർത്തകർ ആദ്യ കരിങ്കൊടി കാണിച്ചു. റോഡിൽ 'സംഘി ഖാൻ, യു ആർ നോട്ട് വെൽകം ഹിയർ' എന്ന് എഴുതിയ കറുത്ത ബാനറും കെട്ടിയിരുന്നു. തുടർന്ന് സ്മിത ആശുപത്രി, സുലഭ സൂപ്പർ മാർക്കറ്റ്, വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷൻ, മലബാർ ഹോട്ടലിന് സമീപം, ഷാപ്പുംപടി ജംഗ്ഷൻ എന്നിവിടങ്ങളിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഈ കരിങ്കൊടി പ്രതിഷേധം കണ്ടാണ് ഗവർണർ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലെ സമ്മേളന സ്ഥലത്ത് എത്തിയത്. മലയാളത്തിൽ തുടങ്ങിയ ഗവർണറുടെ പ്രസംഗം അര മണിക്കൂറോളം നീണ്ടു. അവസാന 15 മിനിട്ട് സംസ്ഥാന സർക്കാരിനെതിരായ വിമർശനമായിരുന്നു. പരിപാടിക്കു ശേഷം 12.20ന് റസ്റ്റ് ഹൗസിലേക്ക് പോയ ഗവർണർ, ഹാളിന് മുന്നിലെ റോഡിലെത്തിയപ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കുട്ടികളെ ചേർത്തു പിടിച്ചു,​ പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. ഒരു മിനിറ്റോളം റോഡിൽ നിന്ന ശേഷം കാറിൽ കയറി റസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ ഗവർണറെ കണ്ട ബി.ജെ.പി നേതാക്കൾ ഭൂപതിവ് ഭേദഗതി ബിൽ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടു. 12.40ന് മടങ്ങിയ ഗവർണർക്ക് നേരെ ആനക്കൂട് ജംഗ്ഷനിലും കരിങ്കൊടി വീശി. ഇവിടെ പൊലീസുണ്ടായിരുന്നില്ല. ഏതാനും നിമിഷം ഗവർണറുടെ വാഹനം മുന്നോട്ട് പോകാനാകാതെ നിന്നു.

'സംഘി ഗവർണർ ഗോ ബാക്ക്', 'ചാൻസലറിസം തുലയട്ടേ' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകൾ ഉയർത്തി ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസിന്റെയും പ്രസിഡന്റ് ലിനു ജോസിന്റെയും നേതൃത്വത്തിലായിരുന്നു എസ്.എഫ്‌.ഐ പ്രതിഷേധം. ഡി.വൈ.എഫ്‌.ഐ പ്രതിഷേധങ്ങൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശരത്, എം.എസ്. പവിരാജ്, ആൽബിൻ, കെ.ടി. പ്രമോദ്, ടി.ഐ. ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി.