തൊടുപുഴ: മുഖ്യമന്ത്രിയ്ക്കും ഗവർണർക്കുമെതിരെ കാണിക്കുന്ന കരിങ്കൊടിയുടെ നിറം ഒന്നാണെങ്കിലും പ്രതിഷേധക്കാരുടെ പാർട്ടിയുടെ നിറമനുസരിച്ച് പൊലീസ് സമീപനത്തിലും മാറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി കണ്ട് ഇതിന് തടയിട്ട പൊലീസ് ഗവർണർ തൊടുപുഴയിലെത്തിയ ഇന്നലെ സ്വീകരിച്ചത് ഇതിന് വിപരീതമായ നിലപാട്. നവകേരള സദസിനായി മുഖ്യമന്ത്രി തൊടുപുഴയിൽ എത്തിയപ്പോൾ കരിങ്കൊടി കാണിക്കാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റടക്കമുള്ളവരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഹോട്ടലിന് സമീപം ചായകുടിച്ചുകൊണ്ടിരുന്ന അഞ്ചോളം പ്രവർത്തകരെയാണ് അന്ന് പൊലീസ് ബലപ്രയോഗത്തിൽ കൂടി കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് പോയത്. എന്നാൽ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തിയപ്പോൾ ജില്ലാ അതിർത്തിയായ അച്ചൻകവല മുതൽ സമ്മേളന സ്ഥലമായ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാൾ വരെയും ഇവിടെ നിന്ന് റസ്റ്റ് ഹൗസിലേക്ക് പോയപ്പോഴും തിരിച്ചും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. മൂന്ന് കിലോമീറ്ററിനിടെ എട്ട് തവണയാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. എല്ലാ സ്ഥലത്തും പ്രവർത്തകർ നേരത്തെ തന്നെ കരിങ്കൊടിയുമായി എത്തിയിരുന്നു. ഇത് മുൻകൂട്ടി കണ്ട് പൊലീസ് എത്തിയെങ്കിലും ഇവരെ തടയാനോ അറസ്റ്റ് ചെയ്തു നീക്കാനോ ശ്രമിച്ചില്ല. ഗവർണർ എത്തിയപ്പോഴും തിരികെ മടങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. ഒരു ഘട്ടത്തിൽ പ്രതിഷേധക്കാർ റോഡിലേക്ക് കടന്നതിനെ തുടർന്ന് ഏതാനും സെക്കൻഡുകൾ ഗവർണ്ണറുടെ യാത്ര തടസപ്പെട്ടു. റോഡിൽ പ്രതിഷേധിച്ച നൂറ് കണക്കിന് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് മണിക്കൂറുകളോളം നിരത്ത് കീഴടക്കി പ്രതിഷേധിച്ച എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. പൊലീസിന്റെ ഇരട്ട നീതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.