രാജാക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച തോട്ടം തൊഴിലാളിയുടെ മൃതദേഹവുമായി എസ്റ്റേറ്റ് പടിക്കൽ തൊഴിലാളികളുടെ പ്രതിഷേധ സമരം. തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്ന വഴിയാണ് പന്നിയാറിൽ വച്ച് കാട്ടാന ആക്രമണത്തെ തുടർന്ന് പ്രദേശവാസിയായ പരിമളം (44) കൊല്ലപ്പെടുന്നത്. കമ്പനിയിൽ ആംബുലൻസ് സേവനം ലഭ്യമാക്കുക. മരിച്ച പരിമളത്തിന്റെ മകൾക്ക് ജോലി നൽകുക, കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുക, തൊഴിലാളികൾ തേയിലത്തോട്ടത്തിൽ ജോലിക്കിറങ്ങും മുമ്പ് കാട്ടാന ഇല്ലെന്ന് ഉറപ്പ് വരുത്താൻ വാച്ചർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നൂറ് കണക്കിന് തൊഴിലാളികളും നാട്ടുകാരും എസ്റ്റേറ്റ് ഓഫീസിന് മുന്നിലെ സമരത്തിൽ പങ്കെടുത്തു. ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ജില്ലാ പഞ്ചായത്തംഗം എം.ടി. ഉഷാകുമാരി, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. വനരാജ്, എൻ.പി. സുനിൽകുമാർ, ആർ. വരദരാജൻ, പി.ടി. മുരുകൻ, എൻ.ആർ. ജയൻ തുടങ്ങിയവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചു. പിന്നീടാണ് രണ്ടര മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചത്. ഇതിനുശേഷം പരിമളയുടെ മൃതദേഹം പന്നിയാറിലെ കമ്പനി ശ്മശാനത്തിൽ സംസ്‌കരിച്ചു.