
നാട്ടിൽ ഒരു ദുരന്തമുണ്ടായാൽ, അല്ലെങ്കിൽ സഹജീവികൾക്കൊരു ദുരിതമുണ്ടായാൽ ഒറ്റക്കെട്ടായി ചേർത്ത് പിടിക്കുന്നവരാണ് മലയാളിയെന്ന് തെളിക്കപ്പെട്ടതാണ്. തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റത്ത് മാത്യു ബെന്നിയെന്ന ഒരു കുഞ്ഞു കർഷകനും കുടുംബവുമാണ് ആ സ്നേഹം ഏറ്റവുമൊടുവിൽ അനുഭവിച്ചറിഞ്ഞവർ. പുതുവർഷ രാത്രിയിൽ 13 പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ മികച്ച കുട്ടിക്ഷീരകർഷകനുള്ള അവാർഡ് വാങ്ങിയ മാത്യു ബെന്നിയും കുടുംബവും ദുരിതത്തിലായത്. മരച്ചീനി തൊലി ഭക്ഷണമായി കൊടുത്തത്താണ് പശുക്കൾ കൂട്ടത്തോടെ ചാകാൻ കാരണം. ഡിസംബർ 31ന് വൈകിട്ട് പുതുവത്സരത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ച് പുറത്തുപോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷമാണ് പശുക്കൾക്ക് കപ്പതൊണ്ട് തീറ്റയായി നൽകുന്നത്. ഇതിന് മുമ്പും ഉണങ്ങിയ തൊണ്ടു തീറ്റയായി നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തൊണ്ട് കഴിച്ച് ഏതാനും സമയം കഴിഞ്ഞതോടെ പശുക്കൾ ഒന്നൊന്നായി തളർന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ വിവരമറിയിച്ചതിനുസരിച്ച് വെറ്ററിനറി ഡോക്ടർമാരായ ഡോ. ഗദ്ദാഫി, ഡോ. ക്ലിന്റ്, ഡോ. സാനി, ഡോ. ജോർജിൻ എന്നിവർ സ്ഥലത്തെത്തി മരുന്ന് നൽകിയെങ്കിലും അതിനോടകം 13 പശുക്കൾ ചത്തിരുന്നു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസ്സി സി. കാപ്പന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ദ്ധസംഘം നടത്തിയ പോസ്റ്റുമോർട്ടത്തിൽ പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കൾ ചാകാൻ കാരണമെന്ന് കണ്ടെത്തി. ഫാമിൽ എട്ട് വലിയ പശുക്കളും എട്ട് കിടാരികളും ആറ് മൂരികളുമാണ് ഉണ്ടായിരുന്നത്. കറവയുണ്ടായിരുന്ന അഞ്ചു പശുക്കളും ചത്തവയിൽ ഉൾപ്പെടുന്നു. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൻതുക പ്രീമിയം അടയ്ക്കേണ്ടതിനാൽ പശുക്കൾക്ക് ഇൻഷുറൻസ് എടുക്കാതിരുന്നതാണ് മാത്യുവിന്റെ കുടുംബത്തെ വലിയ ബാദ്ധ്യതയിൽ എത്തിച്ചത്.
കാലിത്തൊഴുത്ത്
നിറയുന്നു
മാത്യു ബെന്നിയ്ക്കുണ്ടായ ദുരിതം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെ വെള്ളിയാമറ്റത്തെ കിഴക്കേപ്പറമ്പിൽ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സഹായപ്രവാഹമായിരുന്നു. ഇതിൽ നടന്മാരായ ജയറാം, മമ്മൂട്ടി, പൃഥിരാജ്, മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ലുലു ഗ്രൂപ്പ്, പി.ജെ. ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ സഹായിച്ച പ്രമുഖരിൽ ചിലർ മാത്രമാണ്. ചിലർ പണമായും ചില പശുക്കളായും സഹായം നൽകി. ഇതിൽ എടുത്ത് പറയേണ്ടത് നടൻ ജയറാമിന്റെ സഹായമാണ്. മാത്യുവിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് കുടുബാംഗങ്ങൾക്ക് അദ്ദേഹം കൈമാറിയത്. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റി വെച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി കുട്ടി കർഷകന് നൽകിയത്. നടന്മാരായ മമ്മൂട്ടി ഒരു ലക്ഷവും പൃഥിരാജ് രണ്ട് ലക്ഷം രൂപയും നൽകി. ലുലു ഗ്രൂപ്പ് പ്രതിനിധി പത്ത് പശുക്കളെ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീട്ടിലെത്തി കൈമാറി. ഇൻഷുറൻസ് പരിരക്ഷയുള്ള അഞ്ച് കറവ പശുക്കളെ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റെ് ബോർഡിൽ നിന്ന് സൗജന്യമായി ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് വീട്ടിലെത്തിയ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അറിയിച്ചു. അടിയന്തര സഹായമായി 45,000 രൂപ മിൽമ നൽകി. ഒരു മാസത്തേയ്ക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്‌സ് നൽകും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികൾ വഴി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് മാത്യുവിന് ശാസ്തീയ പശുവളർത്തലിൽ പരിശീലനവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് എം.എൽ.എ തന്റെ ഫാമിൽ നിന്ന് കറവയുള്ള ഒരു പശുവിനെ നൽകി. ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായിട്ടുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ 20,000 രൂപയുടെ ചെക്ക് കൈമാറി. സി.പി.എമ്മിന്റെ നേതൃത്വത്തിൽ മൂന്ന് പശുക്കളെ വാങ്ങി നൽകി. ഇതിനൊന്നും സാധിക്കാത്തവർ മാത്യുവിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെ പോലെ കണ്ടിരുന്ന തന്റെ പൊന്നോമനകൾ നഷ്ടപ്പെട്ട വേദനയിലും അവനും കുടുംബത്തിനും അത് വലിയ ആശ്വാസമായി. നേരിട്ടെത്തിയും ഫോണിലൂടെയും ആശ്വസിപ്പിച്ചവർക്കും സാമ്പത്തിക സഹായം നൽകിയവർക്കുമെല്ലാം ഈ 15കാരൻ ഹൃദയം നിറയെ നന്ദിപറഞ്ഞു.
ഗുരുതരാവസ്ഥയിലായി നിരീക്ഷണത്തിലിരിക്കുന്ന പശുക്കൾ പതിയെ അപകടനില തരണം ചെയ്ത് ആരോഗ്യം വീണ്ടെടുക്കുകയാണ്. ഒരു കറവപ്പശുവും രണ്ട് കിടാക്കളും രണ്ട് മൂരിയും നാല് കുഞ്ഞിക്കിടാങ്ങളുമാണ് ബാക്കിയുള്ളത്. ഇതിൽ ശാരീരിക അവശത കാണിക്കുന്ന ഒരു കറവപശുവിനും കിടാവിനും ചികിത്സ തുടരുകയാണ്. കിടാവിന്റെ കൈയിലെ ഞെരമ്പിന് ബലക്ഷയമുണ്ട് (നെർവ് പരാലിസിസ്). വിഷബാധയേറ്റ് വീണപ്പോൾ കൈ തുടർച്ചായായി നിലത്തടിപ്പോൾ പറ്റിയതാകാമെന്നാണ് നിഗമനം. നിലവിൽ വിഷാംശം ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നവ ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.
ആ കഥ പറഞ്ഞത്
കേരളകൗമുദി
2020 ഒക്ടോബറിൽ ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 14 പശുക്കളുടെ ചുമതല ഏറ്റെടുത്ത വിദ്യാർത്ഥിയുടെ ജീവിതം കേരളകൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്. പ്രായമായ അച്ഛനെയും മൂന്ന് മക്കളെയും നോക്കുന്നതിനൊപ്പം ബെന്നിയില്ലാതെ പശുപരിപാലനം ഭാര്യ ഷൈനിക്ക് ബുദ്ധിമുട്ടായതോടെ ഉരുക്കളെ വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതോടെ മാത്യുവിന് ഏറെ സങ്കടമായി. പശുക്കളെ കൊടുക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും അവൻ അമ്മയോട് പറഞ്ഞു. മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു. പിന്നീട് പശുക്കൾക്കൊപ്പം കുടുംബത്തിന്റെ ഭാരം കൂടി ഈ 13 കാരൻ ഏറ്റെടുത്തു. വാർത്തകണ്ട് മന്ത്രി ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിക്കുകയും പശുക്കൾക്ക് തൊഴുത്ത് നിർമ്മിക്കുന്നതിന് മിൽമ വഴി സാമ്പത്തിക സഹായവും ചെയ്തിരുന്നു. പിതാവ് ബെന്നി മരിക്കുമ്പോൾ 10 പശുക്കളാണുണ്ടായിരുന്നത്. ഇതാണ് പിന്നീട് 22 ആയത്. സഹോദരങ്ങളായ ജോർജും റോസ്‌മേരിയും മാത്യുവിനെ സഹായിക്കാനുണ്ടായിരുന്നു. എന്തായാലും അപ്രതീക്ഷിതമായ ദുരന്തത്തെ തുടർന്ന് കാലിയായ മാത്യുവിന്റെ തൊഴുത്ത് നിറയുകയാണ്, കണ്ട് നിൽക്കുന്നവരുടെ മനസും.