ഇടുക്കി: നടപ്പ് സാമ്പത്തിക വർഷം സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 11186 കോടി രൂപയും മൊത്തം വായ്പ 14995.82 കോടി രൂപയുമെന്ന് ജില്ലാതല ബാങ്കിങ് സമിതി യോഗം. കളക്ടറേറ്റിൽ നടന്ന ജില്ലാതല ബാങ്കിങ് സമിതി യോഗത്തിലാണ് സ്ഥിതിവിവരക്കണക്കുകൾ അവലോകനം ചെയ്തത്. ജില്ലയിലെ വായ്പാ- നിക്ഷേപ അനുപാതം 141: 76 ശതമാനമാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരിയാണ്. നടപ്പ് സാമ്പത്തിക വർഷം സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തത് 4833 .48 കോടി രൂപയാണ്. ആകെ നൽകിയ 4833.48 കോടി രൂപ വായ്പയിൽ 3861.23 കോടി രൂപ മുൻഗണന വിഭാഗത്തിനാണ് ലഭ്യമാക്കിയിട്ടുള്ളത്. കാർഷിക മേഖലയിൽ 2569.48 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 978.37 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ 313.37 കോടി രൂപയും മുൻഗണനേതര വായ്പകൾക്ക് 972.24 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിൽ പുതുതായി ബാങ്ക് ശാഖകളും എ.ടി.എം കൗണ്ടറുകളും തുടങ്ങേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്തടക്കം മുന്നേറുന്ന ജില്ലയ്ക്ക് ബാങ്കിങ് രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം മേഖല ഡെപ്യൂട്ടി റീജിയണൽ ഹെഡ് സിജോ ജോർജ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എൽ.ഡി.ഒ മുത്തുകുമാർ, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി എന്നിവർ പങ്കെടുത്തു.