അറക്കുളം: മലയോര ജില്ലയായ ഇടുക്കിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 42 വർഷമായി നിസ്തുല സംഭാവനകൾ നൽകുന്ന മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് കേരളകൗമുദിയുമായി ചേർന്ന് ദേശീയ യുവജനദിനാചരണം ഇന്ന് കോളേജിൽ സംഘടിപ്പിക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയാകും. രാവിലെ 10ന് കോളേജിൽ ആരംഭിക്കുന്ന പരിപാടിയിൽ വിവേകാനന്ദ ചെയർ ഉദ്ഘാടനം, യോഗാസെന്റർ, ബാസ് കറ്റ് ബോൾ കോർട്ട്, ഇൻഡോർ സ്റ്റേഡിയം, ഇന്നവേഷൻ സെന്റർ എന്നിവയുടെ സമർപ്പണവും ഗവർണർ നിർവഹിക്കും. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ 'ഭാരതീയ യുവത്വവും വിവേകാനന്ദ ദർശനങ്ങളും' എന്ന വിഷയത്തെ ആധാരമാക്കി ഗവർണർ മുഖ്യപ്രഭാഷണം നടത്തും. കോളേജ് മാനേജർ ഫാ. ഡോ. അബ്രഹാം വീട്ടിയാങ്കൽ, പ്രിൻസിപ്പൽ ഫാ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ, ബർസാർ ഫാ. ടിസൺ കോച്ചേരിൽ, മുൻ പ്രിൻസിപ്പൽ ഡോ. സാബുക്കുട്ടി എം.ജി, ഐ.ക്യൂ.എ.സി കോർഡിനേറ്റർ റോബി മാത്യു, നാക് കോർഡിനേറ്റർ ഡോ. ജോസ് ജെയിംസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രിൻസ് ജെ. മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.