തൊടുപുഴ: ഓൾ കേരള പേരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അക്പാഹി) സംഘടനയുടെ 15-ാമത് സംസ്ഥാന സമ്മേളനം പതിമൂന്നിന് പാപ്പൂട്ടി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രവണസംസാര പരിമിതരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവൃത്തിക്കുന്ന രക്ഷകർത്താക്കളുടെ സംഘടനയാണ് അക്പാഹി. പതിമൂന്നിന് രാവിലെ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ബധിരക്ഷേമ അവാർഡ് മലപ്പുറം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾ ചെയർമാൻ കെ. അഹമ്മദ് കുട്ടിക്കും ബധിര വിദ്യാഭ്യാസ രംഗത്തെ മാതൃക അദ്ധ്യാപക അവാർഡ് ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് പ്രഥമാദ്ധ്യാപിക കെ.ഒ. ആൻസിമോളും ഏറ്റുവാങ്ങും. തുടർന്ന് പ്രതിനിധി സമ്മേളനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ 27 വർഷത്തെ പ്രവർത്തനഫലമായി ശ്രവണസംസാര പരിമിതരുടെ നിരവധി പ്രശ്‌നങ്ങൾ മുഖ്യധാരയിൽ എത്തിക്കാനും പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ബോസ്, സ്വാഗതസംഘം ചെയർമാൻ ബേബി ജോസഫ്, ജില്ലാ സെക്രട്ടറി പി.പി. പ്രസാദ് എന്നിവർ പങ്കെടുത്തു.