കുമളി: ചുരക്കുളത്തെ കൊല്ലപ്പെട്ട ബാലികയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി പ്രതിഷേധ ജ്വാല ഇന്ന് നടക്കും.കുമളിയിലെ വ്യാപാരി കൂടിയായ പെൺകുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാറിൽ വെച്ച് കേസിൽ വിട്ടയക്കപ്പെട്ട പ്രതിയുടെ ബന്ധു കുത്തി പരിക്കേൽപ്പിച്ചത്.
കൊലപാതകക്കേസിൽ യുവാവിനെ കോടതി വെറുതേ വിട്ടതോടെ കുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നതായി വ്യാപാരി വ്യവസായി കുമളി യൂണിറ്റ് ഭാരവാഹികളായ മജോ കാരിമുട്ടം, പി. എൻ.രാജു, ജോയി മേക്കുന്നേൽ, സനൂപ് എന്നിവർ പറഞ്ഞു.
വ്യാപാരിയായ കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷിച്ച് കുറ്റവാളിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് കുമളി ബസ്റ്റാന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയെന്ന് നേതാക്കൾ അറിയിച്ചു.