തൊടുപുഴ: കേരളത്തിലെ ആദിവാസികളുടെ ഭൂമിയ്ക്ക് പട്ടയം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി സമരത്തിനിറങ്ങുമെന്ന് ആദിവാസി ഏകോപന സമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നൽകാൻ റവന്യൂ, വനം വകുപ്പുകൾ തടസം നിൽക്കുകയാണെന്ന് സമിതി നേതാക്കൾ ആരോപിച്ചു. 1951ലെ സർക്കാർ ഉത്തരവ് പ്രകാരം ആദിവാസിയ്ക്കായി അനുവദിച്ച 17100 ഹെക്ടർ വനേതര ഭൂമി റവന്യൂ വകുപ്പിനെ ഏൽപ്പിക്കണമെന്നും പട്ടയം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാൽ, സർക്കാർ അനുവദിച്ച 17100 ഹെക്ടർ ഭൂമി എവിടെയാണെന്ന് അറിയില്ലെന്നാണ് ജില്ലാ കളക്ടർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകാതിരിക്കാനുള്ള ഉദ്യോഗസ്ഥ തലത്തിലെ ഗൂഡശ്രമമാണെന്നും നേതാക്കൾ ആരോപിച്ചു. ആദിവാസി വിദ്യാർത്ഥികളുടെ മരവിപ്പിച്ച വിദ്യാഭ്യാസ ആനുകൂല്യം പുനഃസ്ഥാപിക്കുക, വന്യമൃഗ ആക്രമണം തടയുക, പട്ടികവർഗ ഹോസ്റ്റലുകളിലെ പീഡനം അവസാനിപ്പിക്കുക, നിറുത്തിലാക്കിയ എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുക, പി.എസ്.സി റൊട്ടേഷൻ ചാർട്ടിൽ പട്ടികവിഭാഗത്തെ ആദ്യത്തെ 20ൽ ഉൾപ്പെടുപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസി ഏകോപന സമിതി ഉന്നയിച്ചു. ഈ കാര്യങ്ങളിൽ നടപടി ഉണ്ടാകുന്നില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആദിവാസി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് മനോജ് ടി.ടി, ജനറൽ സെക്രട്ടറി കെ.കെ. രാജൻ, ട്രഷറർ എം.ഐ. ശശി, വൈസ് പ്രസിഡന്റ് പി.എ. മോഹനൻ എന്നിവർ പങ്കെടുത്തു.