രാജകുമാരി: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ആദിവാസി വൃദ്ധൻ മരിച്ചു. എമ്പതേക്കർ സ്വദേശി തങ്കരാജാണ് (71) മരിച്ചത്. തങ്കരാജും സുഹൃത്ത് പളനിസ്വാമിയും 301 കോളനിയിൽ കൂലിപ്പണി കഴിഞ്ഞ് എൺപതേക്കറിലേക്ക് വള്ളത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ജലാശയത്തിന്റെ മദ്ധ്യഭാഗത്ത് വച്ച് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. ഇരുവരും മറിഞ്ഞ് കിടന്ന വള്ളത്തിൽ പിടിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പളനിസ്വാമിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം നടത്തിയവർ തങ്കരാജിന്റെ മൃതദേഹവും കരയ്ക്ക് എത്തിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തമ്പാറ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച തങ്കരാജിന്റെ ഭാര്യ: വനിത. മകൻ: അനുക്കുട്ടൻ.