കുമളി: നഗരത്തിലെ റോഡിലുണ്ടായ വെള്ളക്കെട്ട് നീക്കാൻ നടപടിയില്ല. കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത കടന്നു പോകുന്ന കുമളി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് ദിവസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കുമളി ടൗൺ മദ്ധ്യത്തിൽ എച്ച്.പി പെട്രോൾ പമ്പിനു സമീപമാണ് മുട്ടറ്റം വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇവിടെ കലുങ്കിലൂടെ ഉണ്ടായിരുന്ന വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് കാരണമായി നാട്ടുകാർ പറയുന്നത്. ശക്തമായ മഴയിൽ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. പിന്നീട് മഴ ശമിക്കുമ്പോൾ വെള്ളം ഇറങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ കനത്ത മഴയെ തുടർന്ന് വെള്ളം റോഡിൽ കെട്ടി നിൽക്കുകയാണ്. കുമളി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയരുടെ കാര്യാലയത്തിന് സമീപമുള്ള ഓടയിൽ നിന്നുമുള്ള വെള്ളത്തിന്റെ ഒഴുക്കാണ് തടസപെട്ടിരിക്കുന്നത്. ടൗണിൽ ദേശീയ പാതയ്ക്ക് സമാന്തരമായുള്ള കനാലിലേക്ക് ഒഴുകിയെത്തേണ്ട വെള്ളം റോഡിൽ കെട്ടി കിടക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ. ദേശീയപാതാ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർന്നുണ്ടാകുന്ന മഴയിൽ റോഡ് മുങ്ങി പോകാനും വലിയ ഗർത്തങ്ങൾ രുപപ്പെട്ട് ഗതാഗതം നിലയ്ക്കാനും സാദ്ധ്യതകളുണ്ട്.
ഓടയും കലുങ്കും ഇല്ലാതായി
കുമളി മൂന്നാർ റോഡിൽ പഴയ ശ്രീകുമാർ ഹോട്ടലിനടുത്ത കലുങ്കിലൂടെ വെള്ളം ഒഴുകി പെട്രോൾ പമ്പിന് സമീപത്തെ കലുങ്കിലൂടെയാണ് പുറത്തേക്ക് ഒഴുകിയിരുന്നത്. മുമ്പ് ഇവിടെ കലുങ്കിനോട് ചേർന്ന് ഒരു ഓടയും അതിനു മുകളിൽ ഒരു വൈദ്യശാലയും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഓടയ്ക്ക് മുകളിൽ തടിയും പലകയും നിരത്തി നിർമ്മിച്ച വൈദ്യശാല പിന്നീട് നിറുത്തിപോയി. യഥാസ്ഥാനത്ത് പകരം നിർമ്മിതികളും ഉണ്ടായപ്പോൾ ഓടയും കലുങ്കും ഇല്ലാതായി.