തൊടുപുഴ: ജില്ലയിലെ ആദ്യ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ (നൈപുണ്യ വികസനകേന്ദ്രം) തൊടുപുഴ ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കുന്നു. വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയവർ, തുടർപഠനം നഷ്ടപെട്ടവർ, ഹയർ സെക്കൻഡറി വി.എച്ച്.എസ്.സി പഠിക്കുന്നവർക്കുമാണ് സെന്ററിൽ പരിശീലനത്തിന് അവസരം. 15 മുതൽ 23 വയസ് വരെയുള്ളവർക്കാണ് അവസരം. 25 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകൾ ഉണ്ടാകും. സ്‌കൂൾ അവധി ദിവസങ്ങളിൽ ഈ കോഴ്‌സുകളിൽ വിദഗ്ദ്ധ പരിശീലനം നൽകി ഇതിലൂടെ അവരെ സ്ഥിരവരുമാനത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് പ്രദേശത്തിന് അനയോജ്യമായ രണ്ടു വീതം കോഴ്‌സുകൾ തിരഞ്ഞെടുത്ത് പരിശീലനം നൽകുകയാണ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസവും, പ്രൊഫഷണൽ കോഴ്‌സും പൂർത്തിയാക്കിയ ഭൂരിപക്ഷം പേർക്കും അനയോജ്യമായ തൊഴിൽ നേടാനാകാത്ത സാഹചര്യമുണ്ട്. വ്യവസായമേഖല പ്രതീക്ഷിക്കുന്ന കഴിവുകൾ പഠനത്തിലൂടെ യുവതലമുറയ്ക്ക് കൈവരിക്കാനാകാത്തതും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തൊഴിൽ പ്രാവീണ്യം നേടുന്നതിനോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും നൽകുന്ന സെന്ററുകൾ യുവതലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അപേക്ഷ നടപടികൾ പരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സൗജന്യ പരിശീലനമായിരിക്കും നൽകുന്നത്. ജില്ലയിലെ പൈലറ്റ് പ്രൊജക്ട് എന്ന നിലയിലാണ് തൊടുപുഴയിൽ ആരംഭിക്കുന്നത്. വിദഗ്ദ്ധരായ ട്രെയിനേഴ്‌സാണ് ക്ലാസുകൾ നൽകുക. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് സെന്റർ പ്രവർത്തിക്കുന്നത്. പ്രാക്ടിക്കൽ ലാബുകളടക്കം പ്രയോജനപ്പെടുത്തും. ഭാവയിൽ മറ്റ് സ്‌കൂളുകളിലേക്ക് സെന്റർ കൂടി വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.


പരിശീലനം രണ്ട് കോഴ്‌സുകളിൽ

1. ഫിറ്റ്‌നെസ് ട്രെയിനർ
സ്‌പോർട്‌സ് സെക്ടറിൽ ഉൾപ്പെട്ട സ്‌പോർട്‌സ് കോച്ചിങ് ആൻഡ് ഫിറ്റ്‌നസ് സബ് സെക്ടറിൽ ഉൾപ്പെടുന്ന കോഴ്‌സാണ് ഫിറ്റ്‌നസ് ട്രെയിനർ. ഈ കോഴ്‌സ് പഠിച്ച് കഴിഞ്ഞവർക്ക് ജിമ്മുകളിലും ഫിറ്റ്‌നെസ് ട്രെയിനിങ് സെന്ററുകളിലും വരുന്നവർക്ക് വർക്ക് ഔട്ട് സെക്ഷനുകളിൽ ആവശ്യമായ പിന്തുണയും നിർദേശങ്ങളും നൽകാൻ ആവശ്യമായ പരീശീലനം നൽകും.

2. ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ
ഇലക്ട്രോണിക് സെക്ടറിൽ ഇ- മൊബിലിറ്റി ആൻഡ് ബാറ്ററി സബ് സെക്ടറിൽ ഉൾപ്പെടുന്ന പുതുതലമുറ കോഴ്‌സാണ്. കോഴ്‌സ് പഠിച്ചിറങ്ങുന്ന വ്യക്തിയ്ക്ക് ഡ്രോണിന്റെ അറ്റകുറ്റപ്പണികൾ, ട്രബിൾഷൂട്ട്, കേടായ ട്രോൺ പ്രവർത്തനക്ഷമമാക്കൽ, മുതലായ പ്രവർത്തനങ്ങൾ ചെയ്യാനും കൂടാതെ ഏരിയൽ ഫോട്ടോകളും വീഡിയോകളും എടുക്കുക, അഗ്നിശമന പ്രവർത്തനങ്ങൾ, പവർലൈൻ പരിശോധനകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾ പരിപാലിക്കുന്നതിനുള്ള പരിശീലനവും ലഭിക്കും.