തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം 14 മുതൽ 25 നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിധിപ്രകാരമുള്ള വൈദികവും ആചാരപരവുമായ ഹോമപൂജാദികർമ്മങ്ങളോടെയും വിവിധങ്ങളായ അനുഷ്ഠാനങ്ങളോ ടെയുമാണ് ചടങ്ങുകൾ നടക്കുന്നത്. 22ന് രാവിലെ 8.15നും 9.43 നും മദ്ധ്യേയുള്ള കുംഭം രാശി ശുഭമുഹൂർത്തത്തിലാണ് പ്രതിഷ്ഠ. 14ന് രാവിലെ 9.30ന് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കെ.എൻ. സുബ്രഹ്മണ്യഅഡിഗ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം ദേവൻ മുഖ്യാതിഥിയായി പങ്കെടുക്കും. മാതാ അമൃതാനന്ദമയീമഠം മാതൃവാണി എഡിറ്റർ ഇൻ ചാർജ് സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. 6.30 ന് വിശേഷാൽ ദീപാരാധന,​ ഏഴിന് ഭക്തിഗാനമേള.

15ന് രാവിലെ ആറിന് യജ്ഞശാലയിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. ഏഴിന് ധാരയും മറ്റു വൈദികച്ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് 6.30 മുതൽ വേദിയിൽ തിരുവാതിര,​ നൃത്തനൃത്യങ്ങൾ, ഗാനസന്ധ്യ.
16ന് രാവിലെ അഞ്ച് മുതൽ യജ്ഞശാലയിൽ വിവിധ കലശപൂജകളും കർമ്മങ്ങളും നടക്കും. വൈകിട്ട് 6.30ന് തിരുവാതിര,​ ഏഴിന് നൃത്തനൃത്യങ്ങൾ,​ 7.30ന് ഭക്തിഗാന.
17ന് രാവിലെ അഞ്ച് മുതൽ വിവിധ ഹോമങ്ങളും പൂജകളും യജ്ഞശാലയിൽ നടക്കും. വേദിയിൽ വൈകിട്ട് 6.30 മുതൽ തിരുവാതിര,​ ഭക്തിഗാനമേള,​ 8.15 മുതൽ നൃത്തപരിപാടി.
18ന് രാവിലെ 5 മുതൽ യജ്ഞശാലയിൽ നായശാന്തി ഹോമം, അത്ഭുത ശാന്തിഹോമം തുടങ്ങിയ ചടങ്ങുകൾ നടക്കും. വൈകിട്ട് 6.30 മുതൽ തിരുവാതിര,​ 6.45ന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഗീതാർച്ചന, തൊടുപുഴ സപ്തസ്വരയുടെ ഭക്തിഗാനസുധ. 19ന് രാവിലെ 5 മുതൽ തത്വഹോമം, തത്വകലശ പൂജ , വലിയപാണി , മണ്ഡപസംസ്‌കാരം തുടങ്ങിയ ചടങ്ങുകൾ,​ 8.30 ന് തത്വകലശാഭിഷേകം. വൈകിട്ട് 5.30 മുതൽ ബ്രഹ്മകലശപൂജ , കുംഭേശകർക്കരീ പൂജകൾ, പരികലശപൂജകൾ , അധിവാസഹോമങ്ങൾ , കലശാധിവാസം തുടങ്ങിയ കർമ്മങ്ങൾ. 6.30ന് തിരുവാതിര,​ നൃത്തനൃത്യങ്ങൾ. 7.30 മുതൽ കർണാടിക് ഫ്യൂഷൻ. 20ന് രാവിലെ ആറ് മുതൽ ആചാരപരമായ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും. എട്ടിന് ഭരതനാട്യം, ഭക്തിഗാനമേള. 21ന് രാവിലെ 5 മുതൽ ആചാരപരമായ ചടങ്ങുകൾ. വൈകിട്ട് 5 മുതൽ വൈദികചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30ന് ഓട്ടൻതുള്ളൽ,​ എട്ടു മുതൽ ഭക്തിഗാനമേള.
22ന് രാവിലെ 5 മുതൽ രക്ഷവിടർത്തിപൂജ, പ്രാസാദപ്രതിഷ്ഠ തുടങ്ങിയ കർമ്മങ്ങൾ നടക്കും. തുടർന്ന് ജീവകലശവും മറ്റു കലശങ്ങളും ശ്രീകോവിലിലേക്ക് ആചാരപരമായി എഴുന്നള്ളിക്കും. 8.15 മുതൽ 9.43 വരെയുള്ള കുംഭംരാശി ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠാച്ചടങ്ങ്. ശേഷം കുംഭേശ നിദ്ര, ജീവകലശാഭിഷേകങ്ങൾ, പ്രതിഷ്ഠാബലി തുടങ്ങിയ ചടങ്ങുകൾ. തുടർന്ന് സ്‌പെഷ്യൽ പഞ്ചവാദ്യം. വൈകിട്ട് ദീപസ്ഥാനം, നിയമം നിശ്ചയിച്ച് നടയടക്കൽ, മണ്ഡപത്തിൽ പൂജ എന്നീ കർമ്മങ്ങൾ. 6.30ന് ചാക്യാർകൂത്ത്, 8.30 മുതൽ സ്റ്റേജ് സിനിമ.
23ന് രാവിലെ അഞ്ചു മുതൽ ആചാരപരമായ കർമ്മങ്ങൾ. വൈകിട്ട് 6.30ന് തിരുവാതിര,​ വിളക്ക് ഡാൻസ്,​ 7.30മുതൽ കുച്ചിപ്പുടി,​ 8 മുതൽ ഗാനമേള.
24ന് രാവിലെ അഞ്ചു മുതൽ ആചാരപരമായ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30 മുതൽ തിരുവാതിര,​ ഏഴിന് ഭജന.

25ന് രാവിലെ 4.30 മുതൽ വൈദികച്ചടങ്ങുകൾ ആരംഭിക്കും. വിവിധ കലശാഭിഷേകങ്ങൾക്കും ചടങ്ങുകൾക്കും ശേഷം രാവിലെ 5ന് ഭഗവാനെ കണി കാണിക്കൽ ചടങ്ങ്. 9ന് സ്‌പെഷ്യൽ പഞ്ചവാദ്യം. വൈകിട്ട് 6 മുതൽ സോപാനസംഗീതം,​ 7.30 മുതൽ ഭക്തിഗാനമേള.

പ്രമുഖ വാസ്തുവിദ്യാവിദഗ്ധനും വേദപണ്ഡിതനുമായ സ്ഥപതി വേഴാപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിയാണ് ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും രൂപകൽപ്പന തയ്യാറാക്കിയത്. പ്രശസ്ത ശിൽപ്പികളായ ചെങ്ങന്നൂർ സദാശിവൻ ആചാരി, മാന്നാർ അനന്തൻ ആചാരി , കർമ്മാലയം മോഹനൻ ആചാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. തമിഴ്‌നാട്ടിൽ നിന്നുള്ള കൃഷ്ണശിലകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പുനഃപ്രതിഷ്ഠാമഹോത്സവം നടക്കുന്ന പതിനൊന്നു ദിവസവും ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധന നടത്തും. എല്ലാദിവസവും ഉച്ചയ്ക്ക് പ്രസാദമൂട്ടും വൈകിട്ട് അത്താഴവും ക്ഷേത്രം ഊട്ടുപുരയിൽ ഉണ്ടാകും. പുനഃപ്രതിഷ്ഠയുടെ ഭാഗമായി നടത്തപ്പെടുന്ന 1008 യജ്ഞകലശങ്ങളുടെയും ബ്രഹ്മകലശം, തത്വകലശം, ധ്യാനാധിവാസകലശം , പരികലശങ്ങൾ തുടങ്ങിയ വഴിപാടുകളുടെ ബുക്കിങ്ങിനും പ്രസാദവിതരണത്തിനുമായി പ്രത്യേകം സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജൻ, സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, നവീകരണസമിതി കൺവീനർ പി.എസ്. രാധാകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് മായാ ഹരിപ്രസാദ്, ഉപസമിതി പ്രസിഡന്റ് കെ. ഷിബുമോൻ എന്നിവർ പങ്കെടുത്തു.