തൊടുപുഴ: വിദേശരാജ്യങ്ങളിലേയ്ക്ക് വിദ്യാർത്ഥികൾ ചേക്കേറുന്നത് എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യം മുതൽ വിദ്യാഭ്യാസം മൗലിക അവകാശമാണെന്ന ഭരണഘടനയുടെ ഉറപ്പ് വരെയുള്ള അക്കാദമിക് രംഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒരു അദ്ധ്യാപകനെപ്പോലെ മറുപടി നൽകി ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള വിദ്യാർത്ഥികളുമായി സംവദിച്ചു. ഒന്നിനെയും നെഗറ്റീവായി കാണുകയല്ല,​ പകരം അതിനെ പോസിറ്റീവായി കണ്ട് ഗുണദോഷവശങ്ങൾ തരംതിരിച്ച് ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിൽ ദേശീയ യുവജനദിനാചരണത്തോടനുബന്ധിച്ച് 'ഭാരതീയ യുവത്വവും വിവേകാനന്ദ ദർശനങ്ങളും' എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തിയശേഷം വിദ്യാർത്ഥികളുമായി നടത്തിയ സ്നേഹ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളാണ് ഒരു നാടിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത്. അവർക്ക് സ്വന്തം നാട്ടിൽ ഏറ്റവും മികച്ച പഠന സാദ്ധ്യതകളും തൊഴിലവസരങ്ങളും ലഭിച്ചാൽ വിദേശരാജ്യങ്ങളിൽ ചേക്കാറാനുള്ള ആഗ്രഹം ഉണ്ടാകില്ല. എന്നാൽ എല്ലാ അവസരങ്ങളും ഒരുക്കാൻ കഴിയാതെ പോകുന്നത് കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നുണ്ട്. ലക്ഷക്കണക്കിന് വീടുകൾ അടച്ചു പൂട്ടിയിട്ടിരിക്കുന്നത് തന്നെ വിദേശ അവസരങ്ങൾ തേടുന്നവരുടെ എണ്ണം എത്രമാത്രം വർദ്ധിക്കുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ്. ആൾക്കൂട്ടങ്ങളല്ല സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുന്നത്. ഒരു സമൂഹത്തിലെ ഏറ്റവും ചെറിയ വിഭാഗമാണ് മാറ്റങ്ങൾക്ക് കാരണക്കാരാകുന്നത്. മിസോറം സംസ്ഥാനം ആളോഹരി വരുമാനത്തിൽ ഏറ്റവും പിന്നിൽ നാലാമതായിരുന്നു. ഇപ്പോൾ അവിടം ഒന്നാം നിരയിലേയ്ക്കെത്തി. ഇത്തരം ഉദാഹരണങ്ങൾ നമുക്ക് ഗുണപാഠമാകണമെന്ന് മുൻ മിസോറം ഗവർണർ കൂടിയായ അദ്ദേഹം പറഞ്ഞു. ചടങ്ങിന് മുന്നോടിയായി വിവേകാനന്ദ ചെയർ ഉദ്ഘാടനം, യോഗാസെന്റർ, ബാസ് കറ്റ് ബോൾ കോർട്ട്, ഇൻഡോർ സ്റ്റേഡിയം, ഇന്നവേഷൻ സെന്റർ എന്നിവയുടെ സമർപ്പണവും ഗവർണർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രിൻസ് ജെ. മാത്യു നന്ദിയും പറഞ്ഞു. ബർസാർ ഫാ. ടിസൺ കോച്ചേരിൽ, മുൻ പ്രിൻസിപ്പൽ ഡോ. സാബുക്കുട്ടി എം.ജി, ഐ.ക്യൂ.എ.സി കോർഡിനേറ്റർ റോബി മാത്യു, നാക് കോർഡിനേറ്റർ ഡോ. ജോസ് ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ മൂലമറ്റം എസ്. എച്ച് . ഇ. ഇം. എച്ച്. എസ് വിദ്യർത്ഥികൾ അവതരിപ്പിച്ച മന്നാൻകൂത്ത് അരങ്ങേറി.