നാഗപ്പുഴ: സംസ്ഥാന സർക്കാർസംരക്ഷിത കാവായി പ്രഖ്യാപിച്ചിട്ടുള്ള നാഗപ്പുഴ ശാന്തുകാട് കാവിൽ പരിസ്ഥിതി സെമിനാർ 16ന് നടക്കും. ആയിരത്തോളം ഇനം വൃക്ഷങ്ങളും , അനവധി ഔഷധസസ്യങ്ങളും, 24 ഇനം ആൽ വർഷങ്ങളും നക്ഷത്ര വനവും, വഴിയോര തണൽ വൃക്ഷങ്ങളുമുള്ള ശാന്തുകാട് കാവ് ഗവേഷകർക്കും പരിസ്ഥിതി സ്നേഹികൾക്കും ഏറെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും ദേശീയ ഔഷധ സസ്യ ബോർഡിന്റെയും അംഗീകാരം ഈ കാവിന് ലഭിച്ചിട്ടുണ്ട്. ദേശീയ ഔഷധസസ്യ ബോർഡ്, സംസ്ഥാന ഔഷധ സസ്യ ബോർഡ്, സംസ്ഥാന വനവകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് - ദേശീയ പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് . മൂവാറ്റുപുഴ നിർമ്മല കോളേജ് , തൊടുപുഴ ന്യൂമാൻ കോളേജ്, ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ, കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ സരസ്വതി സ്കൂൾ ,കുമാരമംഗലം വില്ലേജ് ഇൻറർനാഷണൽ സ്കൂൾ -എന്നീ സ്ഥാപനങ്ങളിലെ ജീവശാസ്ത്ര വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളും സെമിനാറിൽ പങ്കുചേരും . 16ന് രാവിലെ 9 .30ന് രജിസ്ട്രേഷൻ ആരംഭിക്കും . അഖിലേന്ത്യ ഭിഷക് പ്രതിഭ അവാർഡ് ജേതാവും വെമ്പിള്ളിൽ ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോക്ടർ മാത്യൂസ് വെമ്പിള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ.ജിജി ജോസഫ് ,ഡോ.ജിബി കുര്യാക്കോസ്, ഡോ.എം ഹരി എന്നിവർ സംസാരിക്കും. കാവു പര്യടനവും വൃക്ഷപരിചയവും നടത്തുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു സെക്ഷൻ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. വി.എസ് റെജിയാണ് സെമിനാർ കോർഡിനേറ്റർ.
ഉച്ചയ്ക്ക് ശേഷം 3. 30ന് സമാപന സമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. സെമിനാറിൽ പങ്കെടുക്കുന്ന കുട്ടികളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിക്കും. മാത്യു നാടൻ എം.എൽ.എ അധ്യദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ടെന്ന് പ്രസിഡന്റ് എം. പി തമ്പികുട്ടനും സെക്രട്ടറി പി ബി ബിബിനും അറിയിച്ചു.