തൊടുപുഴ: കറുത്ത തുണികൊണ്ട് മുഖം മറച്ചയാൾ തട്ടിക്കൊണ്ട് പോയെന്ന് ആറാം ക്ലാസുകാരി. എന്നാൽ സിനിമ കണ്ടുണ്ടായ മനോവിഭ്രാന്തിയാണെന്ന് പൊലീസ്. തൊടുപുഴ നഗരത്തോട് ചേർന്ന പഞ്ചായത്തിലെ യു.പി സ്‌കൂൾ വിദ്യാർത്ഥിനിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് വീട്ടിലെത്തി പറഞ്ഞത്. തട്ടിക്കൊണ്ട് പോയയാൾ അടുത്ത വീടിന്റെ പിൻവശത്ത് കൊണ്ടുപോയതായും താൻ ബഹളം വച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് അയാൾ രക്ഷപെട്ടതായുമാണ് കുട്ടി പറഞ്ഞത്. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവമെന്നാണ് കുട്ടി പറയുന്നത്. വീട്ടുകാർ ഉടൻ തന്നെ സ്‌കൂൾ പരിധിയിലെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു. തുടർന്ന് മൊഴിയും രേഖപ്പെടുത്തി. എന്നാൽ കുട്ടി പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തി മാത്രമേ സംഭവത്തിൽ വ്യക്തത വരുത്താനാകൂവെന്നും പൊലീസ് സൂചിപ്പിച്ചു.