benny
ബെന്നി തോമസ്

നെടുങ്കണ്ടം : പൊലീസിനെ ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് നെടുങ്കണ്ടം പൊലീസ്. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ നെടുങ്കണ്ടം എസ്‌.ഐ, ഹോം ഗാർഡ് എന്നിവർക്ക് പരിക്കേറ്റു. ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം ചെമ്മണ്ണാർ കുന്നേൽ വീട്ടിൽ ബെന്നി തോമസിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. കണ്ടാൽ അറിയാവുന്ന 40 ഓളം കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ നെടുങ്കണ്ടത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയത്. പടിഞ്ഞാറെക്കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം കിഴക്കേക്കവലയിൽ അവസാനിക്കുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പൊലീസ് സ്‌റ്റേഷന് മുമ്പിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് ഇരച്ച് കയറുവാൻ ശ്രമിച്ചതോടെ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ 15 ഓളം വരുന്ന പൊലീസുകാരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. കയ്യിൽ കരുതിയ തീപന്തം, കൊടി എന്നിവ ഉപയോഗിച്ച് പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണൻ ടി.എസ്, ഹോം ഗാർഡ് സുധാകരൻ എന്നിവർക്ക് പരിക്കുപറ്റി. ഇതിനെ തുടർന്ന് ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ കോൺഗ്രസ് നേതാവ് ബെന്നിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതൊടെ മറ്റ് നേതാക്കൾ ഒളിവിൽ പോയതായും ഇവരെ ഉടനെ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.