തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവാതിരമഹോത്സവം ഇന്ന് വൈകിട്ട് അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടക്കും. വിവിധ തിരുവാതിരസംഘങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ അദ്ധ്യക്ഷൻ വി .കെ സുധാകരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ടി ആർ ഭവാനി ഭദ്രദീപപ്രകാശനം നിർവഹിക്കും. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ പി ജി ഹരിദാസ് മുഖ്യപ്രഭാഷണം നിർവഹിക്കും . നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു പത്മകുമാർ , പി ജി രാജശേഖരൻ , വാർഡ് കൗൺസിലർ മുഹമ്മദ് അഫ്‌സൽ , ആർ.എസ്.എസ്. ഇടുക്കി വിഭാഗ് സംഘചാലക് കെ എൻ രാജു , സംഘാടകസമിതി ചെയർമാൻ പി സന്തോഷ് ഉത്രം , ജനറൽ കൺവീനർ വത്സ ബോസ്, കെ വിജയൻ എന്നിവർ പരിപാടിയിൽ പ്രസംഗിക്കും. തപസ്യ ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിജു .ബി പിള്ള നന്ദിയും പറയും. വൈകിട്ട് ആറിന് അഞ്ഞൂറോളം കലാകാരികൾ ഒരുമിച്ച് നടത്തുന്ന തിരുവാതിരകളിയും നടക്കും. തുടർന്ന് വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. വൈകിട്ട് നാലര മണിമുതൽ തിരുവാതിരകലാകാരികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.