ചെറുതോണി: മാധവ് ഗാഡ്ഗിലിന് സ്വീകരണം ഒരുക്കിയും ഗവർണർക്ക് സംരക്ഷണം നൽകാൻ തയ്യാറായും ഭൂമി പ്രശ്‌നങ്ങൾ നേരിടുന്ന ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ച് സ്വതന്ത്രമായ ജീവിതത്തെ ഒറ്റുകൊടുക്കുകയാണ് ഡീൻ കുര്യാക്കോസ് എം.പിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിനെതിരെ എം.പി ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കി തടസ്സപ്പെടുത്തുന്നു. വ്യാപാരികളുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം നടത്തുന്ന നാൽവർ സംഘത്തിന്റെ വിവിധ പേരിലുള്ള ബിനാമി സംഘടനകൾ ഉപയോഗപ്പെടുത്തിയാണ് എം.പി മലയോര ജനതയ്‌ക്കെതിരെ ഒളിപ്രവർത്തനം നടത്തുന്നത്. ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചുനൽക്കുന്ന ഭൂമി മറ്റേതെങ്കിലും ആവശ്യത്തിനായി വിനിയോഗിച്ചാൽ നിയമ വിരുദ്ധമാണെന്നാണ് 2016ൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കൃഷിക്കായി നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിടം നിർമ്മിക്കാൻ പാടില്ല. ഇതേ കേസിൽ മാത്യു കുഴൽനാടൻ തന്നെ അപ്പീൽ നൽകിയെങ്കിലും കേസ് തള്ളുകയും ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് നിയമം ഉണ്ടാക്കിയാൽ മാത്രമാണ് പരഹാരമാവുകയുള്ളൂവെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. പരമോന്നത കോടതികൾ നിരീക്ഷിച്ചതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിൽ പ്രഗത്ഭരായ നിയമ വിദഗ്ദ്ധരുടെ അഭിപ്രായം സ്വരൂപിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ സമഗ്രമായ ഭൂനിയമ ഭേദഗതി ബില്ലാണ് ഏകകണ്ഠമായി പസാക്കിയത്. ഇരുപക്ഷത്തുമുള്ള പരിചയ സമ്പന്നരായ അഭിഭാഷകരടങ്ങിയ 140 എം.എൽ.എമാരും ഒന്നിച്ച് പസാക്കിയ നിയമത്തെ ഇടുക്കിയിൽ വന്ന് എതിർക്കുന്ന എം.പിയുടെ വിവരമില്ലായ്മയെ ജനങ്ങൾക്ക് പരിഹാസമാണുള്ളത്. ബില്ലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെയും മുൻ റവന്യൂ മന്ത്രികൂടിയായ പി.ജെ. ജോസഫിനെയുമാണ് എം.പി വെല്ലുവിളിക്കുന്നത്. 1960, 1968, 1993 കാലഘട്ടങ്ങളിലെ ഭൂനിയമത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട 21 ചട്ടങ്ങളും മാറ്റി തയ്യാറാക്കുന്നതിന് നിയമ ഭേദഗതിയല്ലാതെ മറ്റൊന്നുമില്ലെന്ന് നിയമോപദേശം നൽകിയ വിദഗ്ദ്ധർക്ക് പോലും വില നൽകാത്ത സാമ്പത്തിക താത്പര്യമുള്ള കർഷകവിരുദ്ധർക്കൊപ്പം ചേർന്ന് എം.പി നടത്തുന്ന ഒളിയുദ്ധം ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബഫർസോൺ നിശ്ചയിക്കുന്നതിനായി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്ന് വനംവകുപ്പിന് ഒത്താശ ചെയ്തും മതികെട്ടാൻചോലയിൽ അന്തിമ വിജ്ഞാപനത്തിന് കളമൊരുക്കി നൽകിയും മലയോര ജനതയെ ഒറ്റുകൊടുത്ത ഇടുക്കി വിരുദ്ധനായ ജനപ്രതിനിധിയാണ് ഡീൻ. കർഷക ജനതയെ ഒരുവിധത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന വാശിയോടെ പരിസ്ഥിതി സംഘടനകളുമായി ഒത്തുചേർന്ന് നിക്ഷിപ്ത താത്പര്യം മുൻനിർത്തി ഗാഡ്ഗിൽ നിർദേശങ്ങൾക്ക് പിന്തുണ നൽകി പ്രവർത്തിക്കുന്ന എം.പിയുടെ ഇരട്ടത്താപ്പും ജനവിരുദ്ധതയും പൊതുസമൂഹം തിരിച്ചറിഞ്ഞെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.