അടിമാലി: മച്ചിപ്ലാവിൽ മലഞ്ചരക്ക് കട കുത്തിതുറന്ന് 1200കിലോയോളം കുരുമുളക് കവർന്നു.മച്ചിപ്ലാവിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കോട്ടക്കൽ ബിനോയി അഗസ്റ്റിന്റെ കടയിലാണ് മോഷണം നടന്നത്. കടയ്ക്കുള്ളിൽ 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണക്ക കുരുമുളകും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷണം പോയതായി സ്ഥാപന നടത്തിപ്പുകാർ പറഞ്ഞു.ഇന്നലെ വ്യാഴാഴ്ച്ച ഒമ്പതരയോടെയായിരുന്നു ബിനോയി കടയടച്ച് വീട്ടിലേക്ക് പോയത്.ഇന്നലെ രാവിലെ സമീപവാസികളിൽ ഒരാളാണ് കടയിലെ മോഷണ വിവരം ആദ്യം ശ്രദ്ധിച്ചത്.കട പൂട്ടിയിരുന്ന താഴുകൾ രണ്ടും അറത്ത് മാറ്റിയ നിലയിലാണ്. കടയുടെ പുറത്ത് തെളിയിച്ചിട്ടിരുന്ന ബൾബ് തകർത്തു.കുരുമുളകിന് പുറമെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു.അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിനെ
സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വിപണി വിലയനുസരിച്ച് ഏഴ് ലക്ഷത്തിലധികം രൂപയുടെ കുരുമുളകാണ് പോയത്. ദേശിയപാതയിലെ സി .സി .ടി .വി ക്യാമറകളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.