തൊടുപുഴ: രാവിലെയുള്ള തണുപ്പും ഉച്ചയ്ക്കുള്ള കൊടുംചൂടിന് പിന്നാലെ വൈകിട്ട് ഇടയ്ക്കിടെയുള്ള മഴ കൂടിയായതോടെ പനിയടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമാവുകയാണ്. വൈറൽ പനിയും ഡെങ്കിപ്പനിയുമടക്കമുള്ളവയാണ് കൂടുന്നത്. ആശുപത്രികളിൽ പലയിടത്തും പനിയുമായെത്തുന്നവരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. മിക്ക ആശുപത്രികളിലും ഒ.പിയിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. രണ്ടാഴ്ചയ്ക്കിടെ 2819 പേരാണ് ആശുപത്രികളിൽ പനി ബാധിച്ചെത്തിയത്. ഈ മാസം 13 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്. ഇതു കൂടാതെ ചിക്കൻ പോക്‌സും കണ്ടു വരുന്നുണ്ട്. ഈ മാസം 27 പേർ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പധികൃതർ പറയുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ പേർ ചികിത്സ തേടിയെന്നാണു അനൗദ്യോഗിക കണക്ക്. സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. മഞ്ഞും മഴയും വെയിലും ഇടവിട്ടു വന്നതോടെയാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇതിനിടെ ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമടക്കം മരുന്ന് ക്ഷാമവും നില നിൽക്കുന്നുണ്ട്. മരുന്നിന് ക്ഷാമമില്ലെന്ന് പറയുമ്പോഴും പല മരുന്നും ആശുപത്രികളിൽ നിന്ന് പുറേത്തക്ക് കുറിച്ച് നൽകുന്ന സാഹചര്യമാണ് ഉള്ളത്.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ

 പനി ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം

 പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക

 സ്വയം ചികിത്സ വേണ്ട,​ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക

 കൈകൾ ഇടയ്ക്കിടെ ശുദ്ധമായ വെള്ളത്തിൽ കഴുകുക

 തിളപ്പിച്ചാറിയ വെള്ളം 3- 4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക

 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക

 ഇടയ്ക്കിടക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക

 ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

കൂട്ടിരിപ്പുകാരുടെ ശ്രദ്ധയ്ക്ക്

 രോഗിയെ കാണാൻ വരുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുക

 രോഗിക്ക് കൃത്യമായ ഇടവേളകളിൽ തിളപ്പിച്ചാറ്റിയ വെള്ളം നൽകുക

 രോഗിക്ക് കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

 സ്വയം കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരത്തിൽ ലേപനങ്ങൾ പുരട്ടുക

 ആശുപത്രിയിലും പരിസരത്തും മാസ്‌ക് ധരിക്കുക.