തൊടുപുഴ: കേരളാ പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജ്‌മെന്റ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് എയ്ഡഡ് സ്‌കൂളുകൾ സർക്കാരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരിടുന്ന അവഗണനക്കും നീതി നിഷേധത്തിനും എതിരെയായിരുന്നു സമരം. കേരള വിദ്യാഭ്യാസ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും അനുശാസിക്കുന്ന മാനേജർമാരുടെ അധികാരങ്ങൾ നിലനിർത്തുക, അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സർവീസ് ബുക്ക് വെരിഫിക്കേഷൻ മാനേജർ നടത്തേണ്ടത് നിർബന്ധമാക്കുക, അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ കാറ്റഗറി മാറ്റുന്നതിനുള്ള അധികാരം മാനേജറിൽ നിഷിപ്തമാക്കുക, ഭിന്നശേഷി സംവരണ ആക്ടിലെ വ്യവസ്ഥകൾക്കനുസരിച്ച് നിയമങ്ങൾ നടപ്പിലാക്കുക, മാനേജർമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഏകപക്ഷീയമായ നിയമ നിർമ്മാണങ്ങൾ നിർത്തലാക്കുക, നിയമനങ്ങൾ സമയബന്ധിതമായി അംഗീകരിക്കുക, എല്ലാ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ അനുവദിക്കുക, പഴയ സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഹൈടെക് കെട്ടിടങ്ങൾ പണിയുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ. സംഘടനാ ജില്ലാ സെക്രട്ടറി എബി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.എം. ഷെരീഫ് സംസാരിച്ചു. കെ.പി.എസ്.എം.എ സംസ്ഥാന കമ്മിറ്റി അംഗം ആർ.കെ. ദാസ് നന്ദി പറഞ്ഞു.