പീരുമേട്: ഈ വർഷത്തെ മകര ജ്യോതി ദർശനത്തിന് പരുന്തുംപാറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷ,​ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ പേർ മകര ജ്യോതി ദർശനത്തിന് പരുന്തുംപാറയിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കെത്തുന്ന പാതയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴികൾ മണ്ണിട്ട് നികത്തുകയും ചെയ്തു. വഴിവിളക്കുകൾ പ്രവർത്തന സജ്ജമാക്കി. കൂടാതെ പരുന്തുംപാറയിലും പരിസരത്തും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. അപകട സാദ്ധ്യതയുള്ള മേഖലകൾ വേലി കെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും തിരിച്ചു. മരുന്നുകൾ, കുടിവെള്ളം, മറ്റ് മെഡിക്കൽ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കി. കൂടാതെ ഭക്തർക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പരുന്തുംപാറയ്ക്ക് ചുറ്റും കനത്ത മഞ്ഞിറങ്ങുന്ന മേഖലയായതിനാൽ മകര ജ്യോതി ദർശിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ പകരം എൽ.ഇ.ഡി സ്‌ക്രീനിൽ തത്സമയ മകരവിളക്ക് സംപ്രക്ഷണവും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സും എല്ലാ സമയവും പ്രദേശത്ത് സുരക്ഷയ്ക്കായി ഉണ്ടാകും. നിയന്ത്രണങ്ങളോടെ മാത്രമേ ആളുകളെ കയറ്റുകയും തിരികെ വിടുകയുമുള്ളൂ. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.