പീരുമേട്: കൊല്ലം- തേനി ദേശീയപാതയിൽ മത്തായി കൊക്കയ്ക്ക് സമീപം പാറക്കൂട്ടങ്ങൾ റോഡിലേക്ക് വീണ സ്ഥലത്ത് പീരുമേട് പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പാറ ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ആളുകൾ നിൽക്കാനും പാടില്ലെന്നാണ് മുന്നറിയിപ്പ് ബോർഡിൽ എഴുതിയിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് കൊല്ലം- തേനി ദേശീയപാതയിൽ മത്തായി കൊക്കയിൽ മലമുകളിൽ നിന്ന് പാറക്കൂട്ടങ്ങളും മണ്ണും റോഡിലേക്ക് പതിച്ചത്. റോഡിൽ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്നതിന് തൊട്ടുപിന്നാലെയായിരുന്നു മണ്ണിടിച്ചിൽ. പാറക്കൂട്ടങ്ങൾ വീഴുന്നതിന് തൊട്ടുമുമ്പ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നു പോയിരുന്നു. മത്തായി കൊക്കയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പീരുമേട് പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയിലാണ് പാറക്കൂട്ടങ്ങളും മണ്ണും വീണതിന്റെ ദൃശ്യം പതിഞ്ഞത്. തുടർന്ന് പീരുമേട് പഞ്ചായത്തും ദേശീയപാത അതോറിട്ടിയും പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയ ശേഷം പ്രദേശത്ത് രണ്ട് സ്ഥലത്തായി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തായിട്ടാണ് രണ്ടു ബോർഡുകൾ സ്ഥാപിച്ചത്.
ഇനിയും പാറക്കൂട്ടങ്ങൾ വീഴാൻ സാദ്ധ്യത
മലമുകളിൽ നിന്ന് ഇനിയും പാറയും മണ്ണും വീഴാൻ സാദ്ധ്യതയുണ്ടെന്ന് സ്ഥലം പരിശോധിച്ച ദേശീയപാതാ വിഭാഗം മുന്നറിയിപ്പ് നൽകി. മുമ്പും രണ്ടിലധികം തവണ ഇപ്രകാരം മലമുകളിൽ നിന്ന് പാറയും മണ്ണും റോഡിൽ വീണിട്ടുണ്ട്. അമ്പത്തിആറാം മൈൽ മുതൽ പെരുവന്താനം വരെയുള്ള പ്രദേശങ്ങളിൽ ഇത്തരം മണ്ണിടിച്ചിൽ സാദ്ധ്യത ഉണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം വിനോദ സഞ്ചാരത്തിന് എത്തിയവർ നിറുത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചിരുന്നു. തുടർന്ന് പീരുമേട് പഞ്ചായത്തും ദേശീയപാതാ വിഭാഗവും റോഡിന്റെ വശങ്ങളിൽ ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള പാറകളും മൺതിട്ടകളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
'പഞ്ചായത്തിന്റെ പരിധിയിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. മുറിഞ്ഞപുഴ മുതൽ അമ്പത്തിആറാം മൈൽ വരെയും മേമല മുതൽ കുട്ടിക്കാനം വരെയും ദേശീയ പാതയിൽ റോഡിന്റെ വശങ്ങളിലാണ് സൂചനാ ബോർഡുകൾ സ്ഥാപിക്കുക."
-പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ