തൊടുപുഴ: ഓത്താർട്ട്‌സ് സ്പോർട്ടിങ് ക്ലബ് നടത്തുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് കിക്ക്ഓഫ്. തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂൾ ഫ്ളഡ്‌ലിറ്റ് ഗാലറി സ്റ്റേഡിയത്തിൽ രാത്രി 9.30 മുതലാണ് മത്സരങ്ങളെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ സോക്കർ ഷോർണൂരും എവൈസി ഉച്ചാരക്കടവും തമ്മിലാണ് ആദ്യ മത്സരം. ഒമ്പതിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, ദലീമ ജോജോ, പി.ജെ. ജോസഫ്, ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ, നടി നൂറിൻ ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും. 4000 പേർക്ക് ഇരിക്കാവുന്ന ഗാലറിയ്ക്കൊപ്പം വി.ഐ.പി പവിലിയനും സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഉണ്ടാവും. കാരുണ്യപ്രവർത്തനത്തിനുള്ള 80 രൂപ കൂപ്പണെടുത്താൽ ഒരു കളികാണാം. ഉദ്ഘാടനത്തിന് മുന്നോടിയായി സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മിലൻ ജോയി, നയാനിഗ, ഗ്രീഷ്മ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. 1200 രൂപയ്ക്ക് സീസൺ ടിക്കറ്റും എടുക്കാം. 20 ടീമുകൾ തമ്മിൽ ആകെ 19 മത്സരങ്ങളുണ്ടാകും. ഐ.എസ്.എൽ, സന്തോഷ് ട്രോഫി താരങ്ങളും വിദേശ പ്രതിഭകളും വിവിധ ടീമുകളിൽ അണിനിരക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവരെ പങ്കെടുപ്പിച്ച് പ്രദർശന മത്സരം നടത്താനും ആലോചിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് പി.എച്ച്. കുഞ്ഞിതമ്പി, സെക്രട്ടറി ജിബു കെ. ജയൻ, കെ.ടി. സലീം, ഇ.കെ. ഷക്കീർ എന്നിവർ പങ്കെടുത്തു.