തൊടുപുഴ: നാഗപ്പുഴ ശാന്തുകാട് സംരക്ഷിത കാവിൽ ദേശീയ പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു. 2010ൽ സംസ്ഥാന വനംവകുപ്പ് സംരക്ഷിത വനമായി പ്രഖ്യാപിച്ച ശാന്തുകാട് കാവ് പരിസ്ഥിതി പഠിതാക്കളുടെ ശ്രദ്ധാകേന്ദ്രമാണ്. 16ന് രാവിലെ 9.30ന് കാവ് അങ്കണത്തിൽ അഖിലേന്ത്യ ഭിഷക് പ്രതിഭാ അവാർഡ് ജേതാവും വെമ്പിള്ളിൽ ആയുർവേദ ആശുപത്രി ഡയറക്ടറുമായ ഡോ. മാത്യൂസ് വെമ്പിള്ളിൽ സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.പി. തമ്പിക്കുട്ടൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.ബി. ബിബിൻ, എറണാകുളം വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ എ. ജയമാധവൻ, സുജിത് ബേബി, ജാൻസി ജോമി തുടങ്ങിയവർ സംസാരിക്കും. രണ്ട് സെഷനുകളായാണ് സെമിനാർ ക്രമീകരണം.
രാവിലെ 10.45ന് 'പരിസ്ഥിതി ബോധത്തിന്റെ അനിവാര്യത" എന്ന വിഷയത്തിൽ മുവാറ്റുപുഴ നിർമ്മല കോളേജ് ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ജിജി ജോസഫ് പ്രബന്ധം അവതരിപ്പിക്കും. പരിസ്ഥിതി പ്രവർത്തകൻ ബിനോയ് പണ്ടപ്പിള്ളി മോഡറേറ്ററാകും. 12ന് 'പ്രകൃതിയും സസ്യജാലങ്ങളും" എന്ന വിഷയത്തിൽ തേവര എസ്.എച്ച് കോളേജ് സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫ. ജിബി കുര്യാക്കോസ് അവതരിപ്പിക്കും. പരിസ്ഥിതി പ്രവർത്തകൻ തോമസ് തോമ്പ്രയിൽ മോഡറേറ്ററാകും. 1.30ന് എരുമേലി ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. എം. ഹരി 'പരിസ്ഥിതി ദർശനം ആധുനിക കാലത്ത്" എന്ന വിഷയം അവതരിപ്പിക്കും. തൃപ്രയാർ എൻ.ഇ.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. റെജി മോഡറേറ്ററാകും. 2.30ന് തൊടുപുഴ ന്യൂമാൻ കോളേജ് ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ജിഷ ജേക്കബ്, മൂവാറ്റുപുഴ നിർമ്മല കോളേജ് ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫ. കെ.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ കാവ് പര്യടനം. വൈകിട്ട് 3.30ന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും.
തിരുവുത്സവവും പ്രതിഷ്ഠാദിനാചരണവും 17മുതൽ
നാഗപ്പുഴ ശാന്തുകാട് ശ്രീ ദുർഗാ ഭദ്രാ ശാസ്താ നാഗ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠാദിനാചരണവും 17മുതൽ 22 വരെ നടക്കും. രാവിലെ 7.30ന് ഉഷപൂജ, 6.30ന് ദീപാരാധന, 7.30നും 8.30നും ഇടയിൽ തൃക്കൊടിയേറ്റ്. 8.10ന് കലയരങ്ങിന് ഭദ്രദീപം തെളിയിക്കൽ. 8.30ന് കിരാതം ഓട്ടൻതുള്ളൽ, തുടർന്ന് ഉത്സവരാവ്. 18ന് രാത്രി 8.30ന് അന്നദാനം. തുടർന്ന് ശാന്തുകാടിന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന ദൃശ്യകലാസന്ധ്യ. 19ന് രാവിലെ ഒമ്പതിന് കലംകരിക്കൽ. 11.30ന് ഭരണി ദർശനം. 12.30ന് ഭരണി ഊട്ട്. രാത്രി 8.30ന് ഭൂമസേനൻ ബാലെ. 11ന് മുടിയേറ്റ്. ഒന്നിന് ഗരുഡൻതൂക്കം. 20ന് വൈകിട്ട് ആറിന് താലപ്പൊലി മഹോത്സവം. 21ന് വൈകിട്ട് 7.45ന് കളമെഴുത്തുപാട്ട്. രാത്രി 9.30ന് ഗാനമേള. 22ന് രാവിലെ 10ന് കലശാഭിഷേകം, തുടർന്ന് കൊടിയിറക്ക്.