ഇടുക്കി: മറ്റൊരു മകരവിളക്ക് കൂടിയെത്തുമ്പോൾ ശബരിമല തീർത്ഥാടക കാലത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പുല്ലുമേട് ദുരന്തത്തിന്റെ ഓർമ്മകൾ മായുന്നില്ല. 102 തീർത്ഥാടകരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് 13 വയസ് പൂർത്തിയായിട്ടും ഉത്തരം കിട്ടാതെ ചോദ്യങ്ങളും സംശയങ്ങളും ഇനിയും ബാക്കിയാണ്. 2011 ജനുവരി 14നാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വള്ളക്കടവ് ഉപ്പുപാറയിൽ ദുരന്തമുണ്ടായത്. രാത്രി 7.30ന് മകരജ്യോതി ദർശിച്ച് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മകരജ്യോതി ദർശനത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ വെളിച്ചക്കുറവും അയ്യപ്പഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരും മറ്റ് സംവിധാനങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിനിടയാക്കിയത്. വാഹനം പ്രവേശിക്കാതിരിക്കാൻ പുല്ലുമേട്ടിലെ കുന്നിൻചരുവിൽ പൊലീസ് കെട്ടിയ ചങ്ങലയിൽ തട്ടി തീർത്ഥാടകർ വീണാണ് അപകടമുണ്ടായത്. പുല്ലുമേട്ടിലേക്കുള്ള പാതയിലെ വീതി കുറഞ്ഞ റോഡിനിരുവശത്തുമായി വനംവകുപ്പ് സ്ഥാപിച്ചിരുന്ന കടകളും ഈ ഭാഗത്തേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാൻ സ്ഥാപിച്ച ചങ്ങലയും ആയിരക്കണക്കിനു വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നതും മൂലം അയ്യപ്പഭക്തർക്ക് മുന്നോട്ടുനീങ്ങാൻ കഴിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മറ്റുള്ളവരുടെ ചവിട്ടേറ്റും വാരിയെല്ലുകൾ ഒടിഞ്ഞുമാണ് ഏറെപ്പേരും മരിച്ചത്. ആദ്യം കുമളി പൊലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും മറിഞ്ഞ നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ പോലും കണ്ടെത്താനായിരുന്നില്ല. ഈ ബൈക്കാണ് അപകടത്തിന്റെ തോത് കൂട്ടിയതെന്ന് ആദ്യം തന്നെ സൂചനകൾ വന്നിരുന്നു. പൊലീസുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ദുരന്തത്തിനു കാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും ആരെയും പ്രതിയാക്കുകയോ ശിക്ഷിക്കുകയൊ ചെയ്തില്ല. പിന്നീട് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മീഷനും ഇതേ കണ്ടെത്തൽ നടത്തിയിരുന്നു. ലക്ഷങ്ങൾ എത്തിയിരുന്ന സ്ഥാനത്ത് ദുരന്തത്തിന് ശേഷം 10,000ൽ താഴെ തീർത്ഥാടകരായി എണ്ണം കുറഞ്ഞു. ഇത്തവണ മകരവിളക്കിന് ജില്ലാ ഭരണകൂടം ലക്ഷങ്ങൾ മുടക്കി വലിയ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തഭയത്തിൽ ഇപ്പോഴുമെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറവാണ്.

അന്നുണ്ടായിരുന്നത് മൂന്ന് ലക്ഷം ഭക്തർ

ദുരന്ത ദിവസം മൂന്ന് ലക്ഷത്തോളം അയ്യപ്പഭക്തർ പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിനായി എത്തിയതായാണ് കണക്ക്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ളവരും പുല്ലുമേട്ടിൽ എത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് 39 പേരും കർണാടകയിൽ നിന്ന് 31 പേരും ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 26 പേരും മൂന്നു മലയാളികളും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മരിച്ചത്.