waste

മുട്ടം: തൊടുപുഴ- മുട്ടം റൂട്ടിലെ പാതയോരങ്ങളിൽ ഹോട്ടലിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ വ്യാപകമായി തള്ളി. പ്ലാസ്റ്റിക് ചാക്കിലും പൊളിത്തീൻ കവറിലും നിറച്ച മാലിന്യങ്ങൾ ഇന്നലെ രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. തൊടുപുഴ- മുട്ടം റൂട്ടിൽ പെരുമറ്റം കനാലിന് സമീപം, റോഡിന് വീതി കൂട്ടിയ ഭാഗം, മ്രാലയിൽ സ്വകാര്യ റിസോർട്ടിന് സമീപം, ഒളമറ്റം പാലത്തിന് സമീപം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തള്ളിയത്. ചാക്കിലും പൊളിത്തീൻ കവറിലും നിറച്ച മാലിന്യങ്ങൾ ചില സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ വലിച്ചിഴച്ച് പാതയോരങ്ങളിൽ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പാതയോരങ്ങളിൽ നിന്ന് ഇതൊക്കെ തെരുവ് നായ്ക്കളും മറ്റും വലിച്ചിഴച്ച് സമീപ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും തള്ളാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ.