കട്ടപ്പന: സ്വരാജ് തൊപ്പിപ്പാളയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടുപന്നി ചത്തു. മറ്റപ്പള്ളിക്കവല പുതുപ്പറമ്പിൽ അപ്പുവിന്റെ കുടിവെള്ളമെടുക്കുന്ന കിണറ്റിലാണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ചത്ത പന്നിയെ പുറത്തെടുക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇന്നലെ രാവിലെ കൃഷി ആവശ്യത്തിന് അപ്പു കിണറ്റിന് സമീപത്ത് എത്തിയപ്പോഴാണ് കിണറ്റിൽ പന്നി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും കാഞ്ചിയാർ ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഉദയഭാനുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ പുറത്തെടുക്കുകയുമായിരുന്നു. പന്നിയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. 60 കിലോയോളം തൂക്കമുള്ള പന്നിയാണ് കിണറ്റിൽ വീണ് ചത്തത്. അപ്പുവിന്റെ വീട്ടിൽ നിന്ന് 500 മീറ്റർ താഴെയായാണ് കിണറ്. ഈ ഭാഗം കാട് പിടിച്ച് കിടക്കുകയാണ്. സംരക്ഷണ ഭിത്തിയില്ലാത്ത കിണറായതിനാൽ പന്നി ഓടി വന്ന വഴി കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. മേൽ നടപടികൾ സ്വീകരിച്ച ശേഷം ചത്ത പന്നിയെ ഉദ്യോഗസ്ഥർ കുഴിച്ചിട്ടു.