കട്ടപ്പന: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രാജിവെയ്ക്കുന്നില്ലെന്ന വിവാദങ്ങൾ അവസാനിപ്പിച്ച് കട്ടപ്പന നഗരസഭാദ്ധ്യക്ഷ ഷൈനി സണ്ണി 19ന് രാജിവയ്ക്കും. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചാണ് തീരുമാനം. ഷൈനി സണ്ണി രാജിവയ്ക്കാത്തതിനെ തുടർന്ന് യു.ഡി.എഫിലും കോൺഗ്രസിലും തർക്കം രൂക്ഷമായിരുന്നു. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം അദ്ധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിനും തുടർന്ന് രണ്ട് വർഷം എ ഗ്രൂപ്പിനുമാണ്. ഉപാദ്ധ്യക്ഷ സ്ഥാനം മൂന്ന് വർഷം എ ഗ്രൂപ്പിനും തുടർന്ന് രണ്ട് വർഷം ഐ ഗ്രൂപ്പിനും നൽകാനായിരുന്നു ധാരണ. ധാരണപ്രകാരം ഡിസംബർ 28ന് മൂന്ന് വർഷം പൂർത്തിയായി. അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും ഒന്നിച്ച് രാജിവച്ചാൽ ഭരണ പ്രതിസന്ധി ഉണ്ടാകും. ഇതൊഴിവാക്കാൻ ഉപാദ്ധ്യക്ഷൻ രാജിവെച്ച് പുതിയ ഉപാദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ അദ്ധ്യക്ഷ രാജിവയ്ക്കുന്നതിനായിരുന്നു തീരുമാനം. പുതിയ ഉപാദ്ധ്യക്ഷനെ തിരഞ്ഞെടുത്തെങ്കിലും അദ്ധ്യക്ഷ രാജിവെച്ചില്ല. ഇതോടെ ഗ്രൂപ്പ് തലത്തിലും വിവിധ നേതാക്കന്മാർ തമ്മിലും തർക്കം രൂക്ഷമായി. സംഭവം വാർത്തയായതോടെ വിവാദങ്ങൾ അവസാനിപ്പിച്ച് ഷൈനി സണ്ണി 19ന് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.