
കാഞ്ഞിരമറ്റം: ഭക്തർക്ക് ആദ്ധ്യാത്മികപുണ്യം പകരുന്ന 11 ദിനരാത്രങ്ങൾ ഒരുക്കിക്കൊണ്ട് കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. 14ന് വൈകിട്ട് നടന്ന സാംസ്‌കാരികസമ്മേളനത്തിൽ കൊല്ലൂർ മൂകാംബികാക്ഷേത്രം മുഖ്യപുരോഹിതൻ മൂകാംബികാദാസൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിനിമാതാരം ദേവൻ മുഖ്യാഥിതിയായി. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ടില്ലത്ത് പരമേശ്വരൻ നമ്പുതിരി ആദ്ധ്യാത്മിക സന്ദേശം നൽകി. ശ്രീകോവിലിന്റെയും നമസ്‌കാരമണ്ഡപത്തിന്റെയും രൂപകൽപ്പന നിർവഹിച്ച വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരി, ശിൽപ്പികളായ ചെങ്ങന്നൂർ സദാശിവൻ ആചാരി, മാന്നാർ അനന്തൻ ആചാരി, കർമ്മാലയം മോഹനൻ ആചാരി എന്നിവരെ മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
ക്ഷേത്രഐതിഹ്യവും ചരിത്രവും ഉൾക്കൊള്ളിച്ച് ക്ഷേത്രദേവസ്വം പ്രസിദ്ധീകരിച്ച 'ശിവദം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ദേവന് ആദ്യപ്രതി കൈമാറിക്കൊണ്ട് കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. ഷാജികുമാർ, അനിൽകുമാർ, ടി.എസ്. രാജൻ, കെ.എസ്. ഹരിപ്രസാദ് എന്നിവർക്കും അന്തരിച്ച ഷാബുവിനു വേണ്ടി മകൻ അനന്തു കൃഷ്ണയ്ക്കും ക്ഷേത്രം തന്ത്രി മണക്കാട്ടില്ലത്ത് പരമേശ്വരൻ നമ്പുതിരി മെമെന്റോകൾ നൽകി. ക്ഷേത്രഭരണസമിതി സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, നവീകരണസമിതി കൺവീനർ പി.എസ്. രാധാകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് മായാ ഹരിപ്രസാദ്, ഉപസമിതി കൺവീനർ കെ. ഷിബുമോൻ , ബാലസമിതി പ്രസിഡണ്ട് മാസ്റ്റർ അജയ് സാജു എന്നിവരും പങ്കെടുത്തു. അഭിഷേക് ഷാജി എന്ന ബാലൻ വരച്ച ദേവന്റെ ഛായാചിത്രവും ചടങ്ങിൽ നടന് സമ്മാനിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ സന്നിധാനന്ദൻ നേതൃത്വം നൽകിയ ഭക്തിഗാനമേളയും നടന്നു. രാവിലെ 9.30 ന് കലവറ നിറയ്ക്കൽ ചടങ്ങും നടന്നിരുന്നു.